അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയുടെ മരണം: വകുപ്പ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

 അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയുടെ മരണം: വകുപ്പ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

കണ്ണൂർ:

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിധിൻ രാജ് (19) കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെയും വകുപ്പ് മേധാവിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഓറൽ പത്തോളജി വകുപ്പ് മേധാവി ഡോക്ടർ എം.കെ. റാം നിരന്തരമായി നിധിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

മരണത്തിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നിധിന്റെ ബന്ധുക്കൾ പോലീസിനെ സമീപിച്ചു. ശാരീരികമായും മാനസികമായും കുട്ടിയെ അധ്യാപകൻ ഉപദ്രവിച്ചിരുന്നതായി കുടുംബം പറയുന്നു. നിറത്തിന്റെ പേരിൽ നിധിനെ അധിക്ഷേപിച്ചിരുന്നതായും ‘പുഴുത്ത പട്ടി’ എന്ന് വിളിച്ച് അധിക്ഷേപം നടത്തിയിരുന്നതായും കുടുംബം വെളിപ്പെടുത്തി. വകുപ്പ് മേധാവിക്ക് പുറമെ മറ്റ് രണ്ട് അധ്യാപകരും പീഡനത്തിന് കൂട്ടുനിന്നതായും മുൻപും സമാനമായ രീതിയിൽ ഇയാൾ സസ്പെൻഷൻ നേരിട്ട വ്യക്തിയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ക്രൂരമായ റാഗിംഗ് ഉണ്ടായിരുന്നതായും കുടുംബം ആരോപിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി വരെ വീട്ടുകാരുമായി സംസാരിച്ച നിധിൻ, അന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. മുൻപും ഈ കോളേജിൽ ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിരുന്നു എന്ന കാര്യവും കുടുംബം ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News