പ്രമേഹ മരുന്നുകൾ എല്ലാവരിലും ഫലപ്രദമാകില്ല; പത്തിൽ ഒരാൾക്ക് ജനിതക തടസ്സമെന്ന് പഠനം
സ്റ്റാൻഫോർഡ്:
ലോകമെമ്പാടും പ്രമേഹ ചികിത്സയ്ക്കും അമിതവണ്ണത്തിനുമായി വ്യാപകമായി ഉപയോഗിക്കുന്ന ജി.എൽ.പി-1 (GLP-1) മരുന്നുകൾ ചിലരിൽ പ്രതീക്ഷിച്ച ഫലം നൽകുന്നില്ലെന്ന് പുതിയ പഠന റിപ്പോർട്ട്. ജനസംഖ്യയിലെ പത്ത് ശതമാനം ആളുകളിലും കാണപ്പെടുന്ന പ്രത്യേക ജിൻ വകഭേദങ്ങളാണ് മരുന്നിന്റെ ഫലപ്രാപ്തി കുറയ്ക്കുന്നതെന്ന് സ്റ്റാൻഫോർഡ് മെഡിസിനിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ പറയുന്നു.
ടൈപ്പ്-2 പ്രമേഹമുള്ളവരിൽ നാലിലൊന്ന് ഭാഗവും ജി.എൽ.പി-1 വിഭാഗത്തിൽപ്പെട്ട മരുന്നുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ, ‘ജി.എൽ.പി-1 റെസിസ്റ്റൻസ്’ (GLP-1 Resistance) എന്നറിയപ്പെടുന്ന പ്രതിഭാസം കാരണം ചിലരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഈ മരുന്നുകൾക്ക് സാധിക്കുന്നില്ല. ജനിതകപരമായ ഈ സവിശേഷതയുള്ളവരിൽ സ്വാഭാവികമായി തന്നെ ജി.എൽ.പി-1 ഹോർമോണിന്റെ അളവ് കൂടുതലായിരിക്കും, എന്നാൽ അവ ശാരീരികമായി വേണ്ടത്ര ഫലം നൽകുന്നില്ലെന്ന് ഗവേഷകർ കണ്ടെത്തി.
പത്ത് വർഷത്തോളം നീണ്ട രാജ്യാന്തര ഗവേഷണത്തിനൊടുവിലാണ് ഈ കണ്ടെത്തൽ. ആറ് മാസത്തെ ചികിത്സയ്ക്ക് ശേഷവും ചില രോഗികളിൽ രക്തത്തിലെ പഞ്ചസാര കുറയാത്തത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇതേക്കുറിച്ച് കൂടുതൽ പഠനം നടത്തിയത്. ഈ ജനിതക തടസ്സത്തെക്കുറിച്ച് മുൻകൂട്ടി അറിയാൻ സാധിച്ചാൽ ഓരോ രോഗിക്കും അനുയോജ്യമായ മരുന്ന് കൃത്യമായി തിരഞ്ഞെടുക്കാൻ ഡോക്ടർമാർക്ക് സാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ അന്ന ഗ്ലോയിൻ പറഞ്ഞു.
അതേസമയം, ഓസെംപിക് (Ozempic), വിഗോവി (Wegovy) തുടങ്ങിയ മരുന്നുകൾ അമിതവണ്ണം കുറയ്ക്കുന്നതിൽ ഈ ജനിതക മാറ്റം എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് നിലവിൽ വ്യക്തമല്ല. ഭാരം കുറയ്ക്കാനായി ഈ മരുന്നുകൾ ഉയർന്ന അളവിലാണ് (Dose) നൽകുന്നത് എന്നതാണ് ഇതിന് കാരണം. ‘പ്രസിഷൻ മെഡിസിൻ’ (Precision Medicine) അഥവാ ഓരോ വ്യക്തിക്കും അനുയോജ്യമായ കൃത്യമായ ചികിത്സാരീതിയിലേക്ക് മാറുന്നതിലെ സുപ്രധാന ചുവടുവെപ്പാണ് ഈ പഠനം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന ആധുനിക മരുന്നുകളുടെ ഒരു വിഭാഗമാണ് ജി.എൽ.പി-1 റിസപ്റ്റർ അഗോണിസ്റ്റുകൾ (GLP-1 Receptor Agonists). നമ്മുടെ ശരീരത്തിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന ‘ഗ്ലൂക്കഗൺ ലൈക്ക് പെപ്റ്റൈഡ്-1’ (Glucagon-like peptide-1) എന്ന ഹോർമോണിന്റെ പ്രവർത്തനത്തെ അനുകരിക്കുകയാണ് ഈ മരുന്നുകൾ ചെയ്യുന്നത്.
ഇവ പ്രധാനമായും മൂന്ന് രീതികളിലൂടെയാണ് ശരീരത്തെ സഹായിക്കുന്നത്:
- ഇൻസുലിൻ ഉത്പാദനം: ഭക്ഷണത്തിന് ശേഷം രക്തത്തിൽ പഞ്ചസാര ഉയരുമ്പോൾ, പാൻക്രിയാസിനെ ഉത്തേജിപ്പിച്ച് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.
- ഗ്ലൂക്കോസ് നിയന്ത്രണം: കരൾ അമിതമായി ഗ്ലൂക്കോസ് പുറത്തുവിടുന്നത് തടയുന്നു.
- വിശപ്പ് കുറയ്ക്കൽ: വയർ നിറഞ്ഞുവെന്ന തോന്നൽ തലച്ചോറിലെത്തിക്കുകയും ദഹനം സാവധാനത്തിലാക്കുകയും ചെയ്യുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.
നിലവിൽ പ്രമേഹ ചികിത്സയ്ക്കും അമിതവണ്ണം കുറയ്ക്കുന്നതിനും ലോകമെമ്പാടും തരംഗമായ ഓസെംപിക് (Ozempic), വിഗോവി (Wegovy) തുടങ്ങിയ മരുന്നുകൾ ഈ വിഭാഗത്തിൽപ്പെടുന്നവയാണ്. സാധാരണയായി ഇൻജക്ഷൻ രൂപത്തിലാണ് ഇവ നൽകുന്നത്.
