കാസർകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ അനാസ്ഥ: പതിനഞ്ചുകാരന് നൽകിയത് കാലാവധി കഴിഞ്ഞ ആൻ്റിബയോട്ടിക്; ഞെട്ടിക്കുന്ന ഗുരുതര വീഴ്ച

 കാസർകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ അനാസ്ഥ: പതിനഞ്ചുകാരന് നൽകിയത് കാലാവധി കഴിഞ്ഞ ആൻ്റിബയോട്ടിക്; ഞെട്ടിക്കുന്ന ഗുരുതര വീഴ്ച

BY : KRISHNANKUTTY KASARGOD

കാസർകോട്: ജീവൻ രക്ഷാകേന്ദ്രങ്ങളാകേണ്ട സർക്കാർ ആശുപത്രികളിൽനിന്ന് രോഗികൾക്ക് മരണക്കെണിയൊരുക്കുന്ന മരുന്നുകൾ വിതരണം ചെയ്യുന്നതായി പരാതി. കാസർകോട് ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചത്. ചികിത്സ തേടിയെത്തിയ പതിനഞ്ചുകാരന് കാലാവധി പൂർത്തിയായ ആൻ്റിബയോട്ടിക് ഗുളികകൾ നൽകുകയായിരുന്നു. നാലു ദിവസത്തോളം ഈ മരുന്ന് കഴിച്ച കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ബായാർ സ്വദേശിയായ അഹമ്മദ് ഇർഫാസ് എന്ന പതിനഞ്ചുകാരനാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായത്. കാലിലെ മുറിവിനും കടുത്ത പനിക്കും ചികിത്സ തേടിയാണ് കുട്ടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത്. ഡോക്ടർ കുറിച്ച മരുന്ന് ഫാർമസിയിൽനിന്ന് വാങ്ങി വീട്ടിലെത്തി കഴിക്കുകയും ചെയ്തു. എന്നാൽ, നാലു ദിവസത്തെ തുടർച്ചയായ മരുന്ന് ഉപയോഗത്തിന് ശേഷം കുട്ടിക്ക് കഠിനമായ തലക്കറക്കവും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു.

മരുന്നിൻ്റെ പാർശ്വഫലമാണോ എന്ന സംശയത്തിൽ വീട്ടുകാർ പരിശോധിച്ചപ്പോഴാണ് ആരും പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന വിവരമറിയുന്നത്. ഇളയ സഹോദരി മരുന്നുപാക്കറ്റ് സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് കഴിഞ്ഞ ജൂലൈ മാസത്തിൽ തന്നെ കാലാവധി (Expiry Date) കഴിഞ്ഞ ആൻ്റിബയോട്ടിക്കാണ് ഫാർമസിയിൽനിന്ന് നൽകിയതെന്ന് വ്യക്തമായത്.

കാലാവധി കഴിഞ്ഞ മരുന്നാണ് കഴിച്ചതെന്ന് മനസ്സിലായതോടെ വലിയ ഭയത്തിലായെന്നും, നിലവിൽ ആയുർവേദ ഡോക്ടറുടെ പക്കൽ ചികിത്സ തേടുകയാണെന്നും അഹമ്മദ് ഇർഫാസ് പറഞ്ഞു. പനിക്കും കാൽവേദനയ്ക്കും വേണ്ടി നൽകിയ മരുന്ന് കഴിച്ചതിന് പിന്നാലെയാണ് കുട്ടിക്ക് തലക്കറക്കവും ഛർദ്ദിലടക്കമുള്ള അസ്വസ്ഥതകളും ഉണ്ടായതെന്ന് അമ്മ ഖദീജ ഭാനുവും സ്ഥിരീകരിച്ചു.

സംഭവത്തിൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഫാർമസിയിൽനിന്ന് മരുന്ന് വിതരണം ചെയ്യുമ്പോൾ ബാച്ച് നമ്പറും കാലാവധിയും പരിശോധിക്കേണ്ട ചുമതലയുള്ള ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ സമഗ്രമായ അന്വേഷണവും കടുത്ത നടപടിയും വേണമെന്നാണ് നാട്ടുകാരുടെയും കുടുംബത്തിൻ്റെയും ആവശ്യം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News