കോടികളുടെ മരംമുറി, കോമാളിയാകുന്ന നിയമം: അഗസ്റ്റിൻ സഹോദരന്മാർക്ക് വീണ്ടും രക്ഷാകവചമൊരുക്കുന്ന ഭരണകൂടം

 കോടികളുടെ മരംമുറി, കോമാളിയാകുന്ന നിയമം: അഗസ്റ്റിൻ സഹോദരന്മാർക്ക് വീണ്ടും രക്ഷാകവചമൊരുക്കുന്ന ഭരണകൂടം

സംസ്ഥാന രാഷ്ട്രീയത്തിലും ഭരണസംവിധാനങ്ങളിലും വമ്പൻ കൊടുങ്കാറ്റ് സൃഷ്ടിച്ച മുട്ടിൽ മരംമുറി കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. എന്നാൽ ഇത്തവണ അന്വേഷണസംഘത്തിന്റെ വീരഗാഥ കൊണ്ടല്ല, മറിച്ച് കേസ് അട്ടിമറിക്കാൻ വനംവകുപ്പും ഭരണകൂടവും ചേർന്ന് നടത്തുന്ന നാടകങ്ങളുടെ പേരിൽ! കേസിൽ അന്വേഷണസംഘം ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കോടതി തിരികെ മടക്കിയിരിക്കുന്നു. കുറ്റപത്രത്തിലെ ഗുരുതരമായ വീഴ്ചകളും സമയപരിധി പാലിക്കാത്തതുമാണ് കോടതിയെ ചൊടിപ്പിച്ചത്. സാങ്കേതികമായി പറഞ്ഞാൽ ‘കുറ്റപത്രം മടക്കി’, എന്നാൽ ലളിതമായി പറഞ്ഞാൽ ‘പ്രതികളെ രക്ഷിക്കാൻ വനംവകുപ്പ് തട്ടിക്കൂട്ടിയ നാടകം കോടതി പൊളിച്ചുടുപ്പിച്ചു’!

കേസ് നടന്ന് അഞ്ചു വർഷത്തിലധികം നീണ്ട ‘ആഴത്തിലുള്ള’ അന്വേഷണത്തിനൊടുവിലാണ് വനംവകുപ്പ് ഈ കുറ്റപത്രം കോടതിയിലെത്തിച്ചത്. 47 ലക്ഷം രൂപ വിലമതിക്കുന്ന ഈട്ടിത്തടികൾ വയനാട്ടിലെ വനത്തിൽ നിന്നാണോ അതോ പട്ടയഭൂമിയിൽ നിന്നാണോ മുറിച്ചതെന്ന പ്രാഥമിക കാര്യം പോലും കുറ്റപത്രത്തിൽ വ്യക്തമാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കവർച്ച ചെയ്ത മരങ്ങളോ, കടത്താൻ ഉപയോഗിച്ച വാഹനങ്ങളോ കണ്ടുകെട്ടാതെയാണ് ഉദ്യോഗസ്ഥർ കോടതി കയറിയത്. ഇതിലും ഭേദം പ്രതികൾക്ക് നേരിട്ട് ‘ക്ലീൻ ചിറ്റ്’ നൽകുന്നതായിരുന്നു.

ചോറ്റാനിക്കര പൊലീസിലുള്ള വഞ്ചനാക്കേസിൽ നിന്നും തലയൂരാൻ അഗസ്റ്റിൻ സഹോദരന്മാർ സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് വനംവകുപ്പിന് പെട്ടെന്ന് ‘ബോധോദയം’ ഉണ്ടായതും തിടുക്കപ്പെട്ട് കുറ്റപത്രം തയ്യാറാക്കിയതും. ഭരണതലത്തിൽ വല്ലാത്ത പിടിപാടുള്ള കോടീശ്വരന്മാരായ പ്രതികൾക്ക് മുന്നിൽ വനംവകുപ്പും സർക്കാരും എത്രത്തോളം ദാസ്യവേല ചെയ്യുന്നു എന്നതിന്റെ പ്രകടമായ തെളിവാണിത്. പോലീസും ക്രൈംബ്രാഞ്ചും വനംവകുപ്പുമെല്ലാം ഒരേപോലെ പ്രതികളെ സഹായിക്കുന്ന രീതിയിലാണ് ആദ്യമായി അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.

വലിയ തുകയുടെ പൊതുമുതൽ കവർച്ച ചെയ്യപ്പെട്ടിട്ടും, പ്രതികളുടെ കൈകളിൽ ഭരണകൂടത്തിന്റെ രക്ഷാകവചമുള്ളപ്പോൾ സാധാരണക്കാരന് നിയമവ്യവസ്ഥയിലുള്ള വിശ്വാസമാണ് തകരുന്നത്. ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും ഒത്താശയോടെ നടക്കുന്ന ഇത്തരം ‘തട്ടിക്കൂട്ട് സമർപ്പണങ്ങൾ’ കോടതിയ എങ്കിലും തിരുത്തുന്നത് മാത്രമാണ് ആശ്വാസം. പിഴവുകൾ തിരുത്തി കൃത്യമായ തെളിവുകളോടെ പുതിയ കുറ്റപത്രം നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, അതിലുമെത്ര കള്ളക്കളികൾ ഇനിയും പുറത്തുവരാനിരിക്കുന്നു എന്നത് കണ്ടുതന്നെ അറിയണം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News