ഹർത്താലിനിടെ കാൻസർ രോഗിയെ തടഞ്ഞ സംഭവം: സിഎസ്ഡിഎസ് നേതാവ് റിമാൻഡിൽ
By:Sumeshkrishnan
തിരുവല്ല: ഹർത്താൽ ദിനത്തിൽ ചികിത്സയ്ക്കായി പോയ കാൻസർ രോഗിയെ വഴിയിൽ തടഞ്ഞ സംഭവത്തിൽ സിഎസ്ഡിഎസ് നേതാവ് അജിമോൻ ചാലകേരിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കാലടി സ്വദേശിയായ സിജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോയ സിജുവിനെ അജിമോന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. ബി.ഡി.എസ് വിദ്യാർത്ഥി നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിനിടെയാണ് സംഭവം നടന്നത്.
അതേസമയം, ഹർത്താലുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊതുജനങ്ങളെ വഴിയിൽ തടഞ്ഞ സംഭവത്തിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ഹർത്താൽ ആഹ്വാനം ചെയ്ത സംഘടനകൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർത്താൽ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ഇതുവരെ 29 കേസുകൾ രജിസ്റ്റർ ചെയ്തതായും നൂറോളം പേരെ അറസ്റ്റ് ചെയ്തതായും സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചു.
