വിജയപരാജയങ്ങൾക്കപ്പുറം ആദർശങ്ങൾ; പ്രതിപക്ഷമായി തുടരുമെന്ന് എം.കെ. സ്റ്റാലിൻ
BY: TS Tvm
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ, വൈകാരിക കുറിപ്പുമായി സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ജനഹിതം പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും, ഫലപ്രദമായ പ്രതിപക്ഷമായി ഡിഎംകെ ഇനി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊളത്തൂർ മണ്ഡലത്തിൽ 9,000 വോട്ടുകൾക്കാണ് സ്റ്റാലിൻ പരാജയപ്പെട്ടത്.
വിജയങ്ങളും പരാജയങ്ങളും താൻ നേരത്തെയും കണ്ടിട്ടുണ്ടെന്നും, എന്നാൽ അധികാരത്തേക്കാൾ ഉപരിയായി ആദർശങ്ങൾക്കും നയങ്ങൾക്കുമാണ് എന്നും പ്രാധാന്യമെന്നും അദ്ദേഹം ‘എക്സിൽ’ കുറിച്ചു. വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, താൻ ഭരിച്ചത് വോട്ട് ചെയ്യാൻ മറന്നവർക്കും കൂടെ വേണ്ടിയാണെന്ന് സ്റ്റാലിൻ പറഞ്ഞു. എല്ലാ മേഖലകളിലും തമിഴ്‌നാടിനെ ഉയർത്തിക്കൊണ്ടുവരാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പിൽ വിജയികളായവർക്ക് അദ്ദേഹം ആശംസകൾ നേർന്നു.

