മന്ത്രിസഭാ രൂപീകരണം: ചർച്ചകൾ സജീവം; സാധ്യതപ്പട്ടികയിൽ പ്രമുഖർ
BY: TS Tvm
തിരുവനന്തപുരം: കോൺഗ്രസിന്റെ ചരിത്രവിജയത്തിന് പിന്നാലെ മന്ത്രിസഭാ രൂപീകരണത്തിനായുള്ള അണിയറ നീക്കങ്ങൾ സജീവമാകുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനൊപ്പം തന്നെ, മന്ത്രിമാരെ തിരഞ്ഞെടുക്കുക എന്നത് നേതൃത്വത്തിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. സാമുദായിക സന്തുലനം, വനിതാ പ്രാതിനിധ്യം, പിന്നാക്ക വിഭാഗങ്ങളുമായുള്ള സമവാക്യം, ജില്ലാതലത്തിലുള്ള പ്രാതിനിധ്യം എന്നിവ ഉറപ്പാക്കിയാകും അന്തിമ പട്ടിക തയ്യാറാക്കുക.
കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിസഭയിൽ ഇടംപിടിക്കുമെന്നുറപ്പാണ്. കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള പ്രമുഖ നേതാക്കളാണ്. വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ ഷാനിമോൾ ഉസ്മാന്റെയോ ബിന്ദു കൃഷ്ണയുടെയോ പേരുകൾ ഉയർന്നു വരുന്നുണ്ട്. എ.പി. അനിൽകുമാർ, എം. ലിജു, വി.ടി. ബൽറാം, ടി. സിദ്ദിഖ്, ചാണ്ടി ഉമ്മൻ, എൻ. ശക്തൻ, മാത്യു കുഴൽനാടൻ, ടി.ജെ. വിനോദ്, എം. വിൻസെന്റ്, കെ. ജയന്ത് എന്നിവരുടെ പേരുകളും പരിഗണനാ പട്ടികയിലുണ്ട്. സ്പീക്കർ പദവിയിലേക്കും ഇവരിലൊരാളെയാണ് നേതൃത്വം ആലോചിക്കുന്നത്.
മുസ്ലിം ലീഗിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പുറമെ, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ, മഞ്ഞളാംകുഴി അലി, കെ.എം. ഷാജി എന്നിവരും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്. കേരള കോൺഗ്രസിൽനിന്ന് മോൻസ് ജോസഫ് മന്ത്രിയാകാനാണ് കൂടുതൽ സാധ്യത. ചീഫ് വിപ്പ് സ്ഥാനം ലഭിക്കുകയാണെങ്കിൽ തോമസ് ഉണ്ണിയാടനെ ആ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. ആർ.എസ്.പി.യിൽനിന്ന് ഷിബു ബേബി ജോണും കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽനിന്ന് അനൂപ് ജേക്കബും സി.എം.പി.യിൽനിന്ന് സി.പി. ജോണും മന്ത്രിമാരായേക്കുമെന്നാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.
