മുഖ്യമന്ത്രി പദം: കോൺഗ്രസ് നിയമസഭാകക്ഷിയിൽ കെ.സി. വേണുഗോപാൽ പക്ഷത്തിന് മേൽക്കൈയെന്ന് അവകാശവാദം

 മുഖ്യമന്ത്രി പദം: കോൺഗ്രസ് നിയമസഭാകക്ഷിയിൽ കെ.സി. വേണുഗോപാൽ പക്ഷത്തിന് മേൽക്കൈയെന്ന് അവകാശവാദം

BY: TS Tvm

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. കോൺഗ്രസ് നിയമസഭാകക്ഷിയിൽ ശക്തമായ പിന്തുണ തങ്ങൾക്കുണ്ടെന്ന അവകാശവാദവുമായി കെ.സി. വേണുഗോപാൽ അനുകൂലികൾ രംഗത്ത്. നിലവിലെ 63 കോൺഗ്രസ് എംഎൽഎമാരിൽ 35 പേരുടെ പിന്തുണയും, എ ഗ്രൂപ്പിലെ 10 പേരിൽ എട്ടുപേരുടെ പിന്തുണയും കെ.സി. വേണുഗോപാലിന് ലഭിക്കുമെന്നാണ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. കൂടാതെ, മൂന്ന് സ്വതന്ത്ര എംഎൽഎമാരും തങ്ങളോടൊപ്പമാണെന്ന് ഇവർ അവകാശപ്പെടുന്നു.

കോൺഗ്രസ് ഹൈക്കമാൻഡ് നിരീക്ഷകർ എത്തുമ്പോൾ 43 എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന് ലഭിക്കുമെന്നാണ് അനുയായികളുടെ പ്രതീക്ഷ. എന്നാൽ തൃപ്പൂണിത്തുറയിലെ ദീപക് ജോയിയും കോവളത്തെ എ. വിൻസെന്റും അന്തിമമായി കൂടെ നിൽക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തതയുണ്ട്. നിയമസഭാകക്ഷിയിലെ പിന്തുണ മാത്രം മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കില്ലെന്നും, ഗാന്ധി കുടുംബത്തിന്റെ തീരുമാനം നിർണ്ണായകമാകുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

അതേസമയം, മന്ത്രിസഭാ രൂപീകരണ ചർച്ചകളും സജീവമാണ്. കോൺഗ്രസിന് 12 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയും ലഭിക്കാനാണ് സാധ്യത. ‘അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി’ എന്ന അനുപാതത്തിൽ, 22 സീറ്റുള്ള മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം, ആർ.എസ്.പി., സി.എം.പി., കേരള കോൺഗ്രസ് ജേക്കബ് വിഭാഗം എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനം വീതം നൽകാനും ചർച്ചകളുണ്ട്.

ഏഴ് സീറ്റുകൾ നേടിയ കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനത്തിന് പുറമെ ചീഫ് വിപ്പ് പദവിയും ലഭിച്ചേക്കാം. ആർ.എം.പി., മാണി സി. കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാർട്ടി എന്നിവർക്ക് മന്ത്രിസ്ഥാനം ലഭിക്കാനുള്ള സാധ്യത കുറവാണ്. കൂടാതെ, ഇടത് മുന്നണിയിൽ നിന്നും കൂറുമാറി വന്ന ജി. സുധാകരൻ, വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യതയില്ല. ധനകാര്യം ഉൾപ്പെടെയുള്ള നിർണ്ണായക വകുപ്പുകൾ കോൺഗ്രസ് തന്നെ കൈവശം വെക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News