ചരിത്രത്തിലെ ചെങ്കോൽ; വി.എസ് അച്യുതാനന്ദന് നൂറ്റിമൂന്നാം പിറന്നാൾ
BY: CS RAMACHANDRAN
കരളുറപ്പുള്ള സമരങ്ങളുടെ പര്യായമായ കേരളത്തിന്റെ പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ഇന്ന് 103-ാം ജന്മദിനം. അടിച്ചമർത്തപ്പെട്ട കോടിക്കണക്കിന് മനുഷ്യരുടെ കണ്ണീരൊപ്പാൻ ജീവിതം ഉഴിഞ്ഞുവെച്ച ആ ധീര വിപ്ലവകാരിക്ക് പിറന്നാൾ ആശംസകൾ നേരുമ്പോൾ, അത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ഏടുകൂടിയാണ്.
ചെളിപിടിച്ച നാട്ടുപാതകളിൽ നിന്ന് സമരങ്ങളുടെ തീച്ചൂളയിലേക്ക് നടന്നടുത്ത ആ ജീവിതം എന്നും സാധാരണക്കാർക്കൊപ്പം തന്നെയായിരുന്നു. നാലാം വയസ്സിൽ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും നഷ്ടപ്പെട്ട്, ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ച്, സഹോദരന്റെ തുന്നൽക്കടയിലും കയർ ഫാക്ടറിയിലും പണിയെടുത്ത ബാല്യത്തിൽ നിന്നാണ് ആ കരുത്ത് പിറവിയെടുത്തത്. സഖാവ് പി. കൃഷ്ണപിള്ളയുടെ കൈപിടിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് എത്തിയ അദ്ദേഹം, പതിനേഴാം വയസ്സിൽ പാർട്ടി അംഗമായി.
പുന്നപ്ര-വയലാറിന്റെ ചോരപുരണ്ട മണ്ണിൽ ലാത്തിച്ചാർജും ക്രൂരമർദ്ദനങ്ങളും ഏറ്റുവാങ്ങി തുടങ്ങിയ ആ പോരാട്ട ജീവിതം പിന്നീട് കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തെത്തന്നെ മാറ്റിമറിച്ചു. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി മുഷ്ടി ചുരുട്ടിയ വി.എസ്, പിന്നീട് കേരളം കണ്ട ഏറ്റവും ശക്തനായ ജനനായകനായി വളർന്നു. മൂന്നാറിലെ കയ്യേറ്റങ്ങൾക്കെതിരെ പൊരുതിയപ്പോഴും, പ്ലാച്ചിമടയിലെ ജനങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയപ്പോഴും, എൻഡോസൾഫാൻ ഇരകളുടെ കണ്ണീരൊപ്പാൻ മുന്നിൽ നിന്നപ്പോഴും ആ നട്ടെല്ല് വളഞ്ഞില്ല.
“കണ്ണേ കരളേ വി.എസ്സേ” എന്ന ഒരൊറ്റ വിളിയിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷകളും പോരാട്ടവീര്യവുമാണ് അലയടിച്ചിരുന്നത്. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം അടയാളപ്പെടുത്തിയ കാലഘട്ടം കേരള രാഷ്ട്രീയ ചരിത്രത്തിന്റെ സുവർണ്ണ അധ്യായമാണ്. വിരോധാഭാസങ്ങൾ നിറഞ്ഞ രാഷ്ട്രീയ വഴികളിൽ തളരാതെ, അവസാന ശ്വാസം വരെ കർമ്മനിരതനായ ആ കമ്മ്യൂണിസ്റ്റ് ഇതിഹാസത്തിന് പ്രണാമം.
