നിക്ഷേപത്തുക മടക്കി നൽകിയില്ല: കടുത്തുരുത്തിയിൽ ബാങ്കിന് മുന്നിൽ കുടുംബത്തിന്റെ കുത്തിയിരിപ്പും ആത്മഹത്യാ ശ്രമവും

 നിക്ഷേപത്തുക മടക്കി നൽകിയില്ല: കടുത്തുരുത്തിയിൽ ബാങ്കിന് മുന്നിൽ കുടുംബത്തിന്റെ കുത്തിയിരിപ്പും ആത്മഹത്യാ ശ്രമവും

BY: JIJO PALA Kottayam News Coordinator

കടുത്തുരുത്തി:

സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് കടുത്തുരുത്തിയിൽ നാടകീയ രംഗങ്ങൾ. മാന്നാർ മണലേൽ ബാബു തോമസ് എന്ന ഗൃഹനാഥനാണ് ഭാര്യയ്ക്കും നാല് മക്കൾക്കുമൊപ്പം ബാങ്കിന് മുന്നിലെത്തി പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കടുത്തുരുത്തി കാർഷിക സർവീസ് സഹകരണ ബാങ്കിന്റെ മാന്നാറിലെ ഓഫീസിന് മുന്നിൽ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.

നാല് വർഷം മുമ്പ് ബാങ്കിലിട്ട നാല് ലക്ഷം രൂപ തിരികെ വേണമെന്ന ആവശ്യവുമായാണ് ബാബുവും കുടുംബവും ബാങ്കിലെത്തിയത്. എന്നാൽ ജീവനക്കാർ പണം നൽകാൻ വിസമ്മതിച്ചതോടെ ഇവർ ബാങ്കിനുള്ളിൽ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയായിരുന്നു. ബാങ്ക് അടയ്ക്കുന്ന സമയമായിട്ടും കുടുംബം പിന്മാറാതിരുന്നതിനെ തുടർന്ന് അധികൃതർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് കടുത്തുരുത്തി പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഇവരുമായി ചർച്ച നടത്തിയെങ്കിലും പണം കിട്ടാതെ മാറില്ലെന്ന് കുടുംബം ഉറപ്പിച്ചു പറഞ്ഞു.

തുടർന്ന് ഇവരെ ഇവിടെനിന്നും മാറ്റാൻ പോലീസ് ശ്രമിക്കുന്നതിനിടയിലാണ് ബാബു കൈവശം സൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്തൊഴിച്ചത്. ലൈറ്റർ കത്തിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ബാബുവിനെ പോലീസ് ബലപ്രയോഗത്തിലൂടെ തടയുകയും ബാങ്കിന് പുറത്തെത്തിക്കുകയുമായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ശരീരത്തിൽ വെള്ളമൊഴിച്ച ശേഷം ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാബുവിനെ കൊണ്ടുപോയ ശേഷവും ഭാര്യ അനിലയും മക്കളും ബാങ്കിന് മുന്നിൽ സമരം തുടർന്നു. പിന്നീട് അനിലയെയും ആശുപത്രിയിലേക്ക് മാറ്റുകയും കുട്ടികളെ ബന്ധുക്കൾക്കൊപ്പം വിടുകയുമാണുണ്ടായത്.

മുമ്പ് പോലീസ് സ്റ്റേഷനിൽ വെച്ചുണ്ടായ ഒത്തുതീർപ്പ് ചർച്ചയിൽ പ്രതിമാസം 15,000 രൂപ വീതം മടക്കിനൽകാമെന്ന് ബാങ്ക് അധികൃതർ സമ്മതിച്ചിരുന്നതായി അനില പറഞ്ഞു. എന്നാൽ ഈ കരാർ ലംഘിച്ച് 1500-ഉം 2000-ഉം രൂപ മാത്രമാണ് നൽകിയതെന്നും ഇനിയും 2.83 ലക്ഷം രൂപ കൂടി ബാങ്ക് തങ്ങൾക്ക് തരാനുണ്ടെന്നും അവർ വ്യക്തമാക്കി. സ്കൂൾ തുറക്കാറായ സാഹചര്യത്തിൽ കുട്ടികൾക്ക് വസ്ത്രമെടുക്കാൻ പോലും കയ്യിൽ പണമില്ലെന്നും, ജീവിക്കാൻ മറ്റ് വഴികളില്ലാത്തതിനാലാണ് കൂട്ട ആത്മഹത്യയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടതെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, 2019 മുതൽ ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ലഭ്യമാകുന്ന പണം അനുസരിച്ച് നിക്ഷേപകർക്ക് മുൻഗണനാക്രമത്തിൽ തുക ഭാഗികമായി നൽകിവരുന്നുണ്ടെന്നും ബാങ്ക് പ്രസിഡന്റ് സിറോഷ് തോമസ് പ്രതികരിച്ചു. നിലവിലെ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News