ആദ്യ കാബിനറ്റിൽ വേതനവർദ്ധന ഉണ്ടായില്ലെങ്കിൽ വീണ്ടും തെരുവിലേക്ക്; യുഡിഎഫ് സർക്കാരിന് മുന്നറിയിപ്പുമായി ആശ വർക്കർമാർ

 ആദ്യ കാബിനറ്റിൽ വേതനവർദ്ധന ഉണ്ടായില്ലെങ്കിൽ വീണ്ടും തെരുവിലേക്ക്; യുഡിഎഫ് സർക്കാരിന് മുന്നറിയിപ്പുമായി ആശ വർക്കർമാർ

തിരുവനന്തപുരം:

പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കാനിരിക്കെ, തങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി വീണ്ടും തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പ് നൽകി ആശ വർക്കർമാർ. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ ആശ വർക്കർമാരുടെ വേതന വർദ്ധനവ് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നായിരുന്നു വി.ഡി. സതീശന്റെ പ്രഖ്യാപനം. എന്നാൽ ആദ്യ കാബിനറ്റിൽ ഈ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി കഴിഞ്ഞു.

പ്രതിദിന വേതനം 700 രൂപയാക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം അനുവദിക്കുക, കൃത്യമായ പെൻഷൻ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ യുഡിഎഫ്-എൽഡിഎഫ് ഭരണമാറ്റത്തിന് തൊട്ടുമുൻപ് 266 ദിവസമാണ് ആശ വർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കൽ രാപ്പകൽ സമരം നടത്തിയത്. അന്ന് സമരപ്പന്തൽ സന്ദർശിച്ച വി.ഡി. സതീശൻ യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ അനുകൂല തീരുമാനമെടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വനിതാ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കാൻ സഹായിച്ച ഘടകങ്ങളിലൊന്ന് ഈ വാഗ്ദാനമായിരുന്നു.

ആശ വർക്കർമാരുടെ പദ്ധതി കേന്ദ്രവിഹിതത്തോടെയുള്ളതാണെന്നും അതിനാൽ കേന്ദ്ര സർക്കാരിനെതിരെയാണ് സമരം ചെയ്യേണ്ടതെന്നുമായിരുന്നു മുൻപുണ്ടായിരുന്ന പിണറായി സർക്കാരിന്റെ നിലപാട്. സിഐടിയു ഉൾപ്പെടെയുള്ള ഇടത് സംഘടനകൾ അന്ന് സമരത്തെ തള്ളിപ്പറഞ്ഞപ്പോൾ, കോൺഗ്രസ് നേതൃത്വം സമരക്കാർക്ക് പൂർണ്ണ പിന്തുണ നൽകി കൂടെ നിൽക്കുകയായിരുന്നു. തുടർന്ന് തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടത് സർക്കാർ ഓണറേറിയത്തിൽ 1000 രൂപ വർദ്ധിപ്പിച്ചതോടെയാണ് 2025 ഫെബ്രുവരിയിൽ ആരംഭിച്ച സമരം നവംബറിൽ താല്കാലികമായി അവസാനിപ്പിച്ചത്.

ഭരണം മാറിയ പശ്ചാത്തലത്തിൽ, നൽകിയ വാക്ക് പാലിക്കാൻ യുഡിഎഫ് തയ്യാറായില്ലെങ്കിൽ അത് പുതിയ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് വലിയ കോട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കാൻ പ്രതിമാസം കോടികൾ അധികം കണ്ടെത്തേണ്ടി വരുമെന്നതും സംസ്ഥാനത്തിന്റെ നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും പുതിയ സർക്കാരിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. ശമ്പള വിതരണത്തിന് പോലും കടമെടുപ്പ് തുടരേണ്ടി വരുന്ന സാഹചര്യത്തിൽ, ആദ്യ കാബിനറ്റിൽ ആശമാർക്കായി സർക്കാർ എന്ത് പ്രഖ്യാപനം നടത്തുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News