മന്ത്രിസഭയിലേക്ക് രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പ് നൽകാൻ ധാരണ

 മന്ത്രിസഭയിലേക്ക് രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പ് നൽകാൻ ധാരണ

തിരുവനന്തപുരം:

പുതിയതായി അധികാരമേൽക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയിൽ കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിനെ തുടർന്നുണ്ടായ അസംതൃപ്തികൾക്കൊടുവിലാണ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകാൻ സമ്മതിച്ചത്. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ സുപ്രധാന കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായത്.

തിരുവനന്തപുരത്ത് വെച്ച് നടന്ന ഇരുവരുടെയും കൂടിക്കാഴ്ച ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്നു. മന്ത്രിസഭയിൽ അംഗമാകണമെങ്കിൽ സുപ്രധാനമായ ആഭ്യന്തരവകുപ്പ് തന്നെ വേണമെന്ന നിലപാടിൽ രമേശ് ചെന്നിത്തല ഉറച്ചുനിൽക്കുകയായിരുന്നു. പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കുന്നതിൻ്റെയും മുതിർന്ന നേതാവിനെ അനുനയിപ്പിക്കുന്നതിൻ്റെയും ഭാഗമായി ഹൈക്കമാൻഡിൻ്റെയും സംസ്ഥാന നേതൃത്വത്തിൻ്റെയും അനുമതിയോടെയാണ് ആഭ്യന്തര വകുപ്പ് ചെന്നിത്തലയ്ക്ക് നൽകാൻ വി.ഡി. സതീശൻ ഉറപ്പുനൽകിയത്.

നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയുടെ പേര് സജീവമായി ഉയർന്നു കേട്ടിരുന്നെങ്കിലും, പാർട്ടി വി.ഡി. സതീശനെ നായകസ്ഥാനത്തേക്ക് നിശ്ചയിക്കുകയായിരുന്നു. ഇതിൽ കടുത്ത അതൃപ്തിയിലായിരുന്ന ചെന്നിത്തലയെ അനുനയിപ്പിക്കാൻ നേതൃത്വം തുടർച്ചയായ ചർച്ചകൾ നടത്തിവരികയായിരുന്നു. ഒടുവിൽ ആഭ്യന്തര വകുപ്പ് ലഭിച്ചതോടെയാണ് മുന്നണിയിലെയും പാർട്ടിയിലെയും തർക്കങ്ങൾക്ക് താൽക്കാലിക പരിഹാരമായിരിക്കുന്നത്. മുൻപും ആഭ്യന്തര മന്ത്രിയായി മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള ചെന്നിത്തലയുടെ തിരിച്ചുവരവ് മന്ത്രിസഭയ്ക്ക് കൂടുതൽ കരുത്തുപകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News