മുട്ടുതേയ്മാനത്തിനുള്ള ശസ്ത്രക്രിയ സ്ഥിതി കൂടുതൽ വഷളാക്കിയേക്കാം; പുതിയ പഠനറിപ്പോർട്ട് പുറത്ത്
BY:TNN Science Desk
ന്യൂയോർക്ക്:
മുട്ടുതേയ്മാനം (Knee Osteoarthritis) ബാധിച്ചവരിൽ സാധാരണയായി ചെയ്തവരുന്ന ചില ശസ്ത്രക്രിയകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാമെന്ന് പുതിയ പഠനറിപ്പോർട്ട്. മുട്ടിലെ തരുണാസ്ഥിക്കുണ്ടാകുന്ന (Meniscus Cartilage) കേടുപാടുകൾ തീർക്കാൻ നടത്തുന്ന ശസ്ത്രക്രിയകൾ ദീർഘകാലാടിസ്ഥാനത്തിൽ രോഗിയുടെ ആരോഗ്യം കൂടുതൽ മോശമാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. പ്രശസ്തമായ ‘ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ’ (The New England Journal of Medicine) ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഫിൻലൻഡിൽ നിന്നുള്ള ഒരു ഗവേഷണ കുറിപ്പിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
മുട്ടിലെ തരുണാസ്ഥി ഭാഗികമായി നീക്കം ചെയ്യുന്ന ‘മെനിസെക്ടമി’ (Meniscectomy) ശസ്ത്രക്രിയക്ക് വിധേയരായവരിലും, ശസ്ത്രക്രിയയെന്ന വ്യാജേന മുറിവുകൾ മാത്രം ഉണ്ടാക്കി തരുണാസ്ഥി നീക്കം ചെയ്യാതിരുന്നവരിലും (Sham Surgery) അടുത്ത 10 വർഷങ്ങളിൽ നടത്തിയ നിരീക്ഷണമാണ് ഈ പഠനത്തിന് ആധാരം. ഇതിൽ ശസ്ത്രക്രിയ വഴി തരുണാസ്ഥി നീക്കം ചെയ്യാത്തവർക്കാണ് ഭാവിയിൽ വേദന കുറവെന്നും അവരിൽ മുട്ടുതേയ്മാനം കൂടാനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തി.
മധ്യവയസ്കരിലും പ്രായമായവരിലും ഇത്തരം തരുണാസ്ഥിയിലെ കീറലുകൾ സ്വാഭാവികമാണെന്നും, അത് മാത്രമാകില്ല വേദനയ്ക്ക് കാരണമെന്നും ഫിൻലൻഡിലെ ഹെൽസിങ്കി സർവകലാശാലയിലെ ഗവേഷകനായ ഡോ. ടെപ്പോ എൽ.എൻ. ജാർവിനൻ വ്യക്തമാക്കുന്നു. രോഗലക്ഷണങ്ങളില്ലാത്ത പലരിലും ഇത്തരം കീറലുകൾ സാധാരണയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബദൽ മാർഗ്ഗങ്ങൾ എന്തൊക്കെ?
മുട്ടുവേദന അനുഭവപ്പെടുമ്പോൾ പെട്ടെന്ന് ശസ്ത്രക്രിയയിലേക്ക് കടക്കാതെ കുറച്ചുകാലം കാത്തിരിക്കുകയാണ് വേണ്ടതെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. ഈ ഘട്ടത്തിൽ വേദനയും പ്രയാസങ്ങളും കുറയ്ക്കാൻ താഴെ പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാം:
- ആന്റി-ഇൻഫ്ലമേറ്ററി ഗുളികകളുടെ ഉപയോഗം
- ഫിസിയോതെറാപ്പി, ഐസിങ്, ആവശ്യത്തിന് വിശ്രമം
- സൈക്ലിങ് പോലുള്ള ലഘുവായ വ്യായാമങ്ങൾ
- കോർട്ടിസോൺ, ഹൈലൂറോണിക് ആസിഡ്, പി.ആർ.പി (Platelet-Rich Plasma) തുടങ്ങിയ ഇൻജക്ഷൻ ചികിത്സകൾ
തീർത്തും അനിവാര്യമായ ഘട്ടങ്ങളിൽ (തരുണാസ്ഥി പൂർണ്ണമായും സ്ഥാനം തെറ്റുകയോ മറ്റു പ്രതിവിധികൾ ഫലിക്കാതിരിക്കുകയോ ചെയ്യുമ്പോൾ) മാത്രമേ സർജറി ചെയ്യാവൂ എന്നും, തേയ്മാനം കഠിനമായ അവസ്ഥയിൽ മെനിസെക്ടമിയേക്കാൾ നല്ലത് മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ (Knee Replacement) ആണെന്നും ഓർത്തോപീഡിക് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
