കേരളത്തിൽ കാലവർഷം മെയ് 26 ഓടെ എത്തിയേക്കും; ആൻഡമാനിൽ മൺസൂൺ പ്രവേശിച്ചു

തിരുവനന്തപുരം:
ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) മെയ് 26 ഓടെ കേരളത്തിൽ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിശ്ചിത തീയതിയിൽ നിന്നും നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആയി ഇതിൽ വ്യത്യാസം വരാൻ സാധ്യതയുണ്ട്. നിലവിൽ തെക്കുകിഴക്കൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ, നിക്കോബാർ ദ്വീപുകൾ, ശ്രീ വിജയപുരം ഉൾപ്പെടെയുള്ള ആൻഡമാൻ ദ്വീപുകളുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേർന്നതായും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
അതേസമയം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി നിലവിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി മെയ് 16 മുതൽ 18 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയടിച്ചേക്കാം. അടുത്ത 5 ദിവസം കേരളത്തിലും മാഹിയിലും ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്നാണ് പ്രവചനം.
മത്സ്യത്തൊഴിലാളികൾക്ക് വിലക്ക്, കടൽ പ്രക്ഷുബ്ധമായേക്കും
മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മെയ് 16 മുതൽ 18 വരെ കേരളം-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കർശന നിർദേശമുണ്ട്. ഈ ദിവസങ്ങളിൽ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്.
ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി, മാലിദ്വീപ്, തെക്കൻ തമിഴ്നാട് തീരം, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നീ മേഖലകളിൽ മെയ് 16 മുതൽ 18 വരെയും, തമിഴ്നാട്-ആന്ധ്ര തീരങ്ങളിൽ മെയ് 19, 20 തീയതികളിലും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നൽകി.
