തമിഴ്നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരം ഉൾപ്പെടെ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വിജയിക്ക്

ചെന്നൈ:
തമിഴ്നാട്ടിലെ പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പ് വിഭജനത്തിന് ഔദ്യോഗിക അംഗീകാരമായി. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെ മെയ് 10-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 10 അംഗ മന്ത്രിസഭയുടെ വകുപ്പുകൾ വ്യക്തമാക്കിക്കൊണ്ടുള്ള ഔദ്യോഗിക വാർത്താക്കുറിപ്പ് രാജ്ഭവൻ (ലോക്ഭവൻ) പുറത്തിറക്കി. മുൻഗാമികളെപ്പോലെ തന്നെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ആഭ്യന്തര വകുപ്പും പൊലീസും മുഖ്യമന്ത്രി വിജയ് തന്റെ കൈകളിൽ തന്നെ നിലനിർത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് പുറമെ ധനകാര്യം, പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ സുപ്രധാന വകുപ്പുകൾ പരിചയസമ്പന്നർക്കും യുവനേതാക്കൾക്കുമായി വിഭജിച്ചു നൽകിയിട്ടുണ്ട്. 29 വയസ്സ് മാത്രം പ്രായമുള്ള എസ്. കീർത്തനയാണ് പുതിയ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവും ഏക വനിതയും. വ്യവസായ വകുപ്പാണ് കീർത്തനയ്ക്ക് നൽകിയിരിക്കുന്നത്.
പ്രധാന വകുപ്പ് വിഭജനം ഒറ്റനോട്ടത്തിൽ:
| മന്ത്രി | വകുപ്പുകൾ |
| സി. ജോസഫ് വിജയ് (മുഖ്യമന്ത്രി) | ആഭ്യന്തരം, പൊലീസ്, പൊതുഭരണം, വനിതാ-യുവജനക്ഷേമം, മുനിസിപ്പൽ ഭരണം, നഗര-ശുദ്ധജല വിതരണം, പ്രത്യേക പദ്ധതി നടപ്പാക്കൽ. |
| കെ.എ. സെങ്കോട്ടയ്യൻ | ധനകാര്യം, പെൻഷൻ ആനുകൂല്യങ്ങൾ. |
| ബൂസി ആനന്ദ് (എൻ. ആനന്ദ്) | ഗ്രാമവികസനം, പഞ്ചായത്തീരാജ്, ജലവിഭവം, ചെറുകിട ജലസേചനം. |
| ആധവ് അർജുന | പൊതുമരാമത്ത് (കെട്ടിടങ്ങൾ, ഹൈവേകൾ, ചെറുകിട തുറമുഖങ്ങൾ), കായിക വികസനം. |
| ഡോ. കെ.ജി. അരുൺരാജ് | ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, കുടുംബക്ഷേമം. |
| പി. വെങ്കട്ടരമണൻ | ഭക്ഷ്യം, സിവിൽ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണം, വില നിയന്ത്രണം. |
| സി.ടി.ആർ. നിർമൽകുമാർ | ഊർജ്ജം (വൈദ്യുതി), നിയമം, കോടതികൾ, ജയിലുകൾ, അഴിമതി നിരോധനം. |
| രാജ്മോഹൻ | പൊതുവിദ്യാഭ്യാസം, തമിഴ് വികസനം, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി (പി.ആർ.ഡി). |
| ഡോ. ടി.കെ. പ്രഭു | പ്രകൃതിവിഭവങ്ങൾ, ഖനനം. |
| എസ്. കീർത്തന | വ്യവസായം, നിക്ഷേപ പ്രോത്സാഹനം. |
തമിഴക വെട്രി കഴകം (TVK) തനിച്ച് 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിനെ തുടർന്ന് കോൺഗ്രസ്, ഇടതുപക്ഷ കക്ഷികൾ, ഐ.യു.എം.എൽ, വി.സി.കെ തുടങ്ങിയ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് വിജയിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തമിഴ്നാട്ടിൽ അധികാരത്തിലെത്തിയത്. കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ 144 എം.എൽ.എമാരുടെ പിന്തുണയോടെ വിജയ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചിരുന്നു. അധികാരം ഏറ്റെടുത്തതിന് പിന്നാലെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള സമഗ്രമായ ധവളപത്രം ഉടൻ പുറത്തുവിടുമെന്ന് പുതിയ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
