കെഎസ്ഇബി വർക്കർ ആകാൻ വൻ അവസരം; 15 വർഷത്തിന് ശേഷം പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു, 985 ഒഴിവുകൾ

 കെഎസ്ഇബി വർക്കർ ആകാൻ വൻ അവസരം; 15 വർഷത്തിന് ശേഷം പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു, 985 ഒഴിവുകൾ

തിരുവനന്തപുരം:

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ (കെഎസ്ഇബി) ഇലക്ട്രിസിറ്റി വർക്കർ (മസ്ദൂർ) തസ്തികയിലേക്ക് പിഎസ്‌സി വൻ നിയമന വിജ്ഞാപനം പുറപ്പെടുവിച്ചു. പതിനഞ്ച് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഈ തസ്തികയിലേക്ക് പിഎസ്‌സി വീണ്ടും അപേക്ഷ ക്ഷണിക്കുന്നത്. മുൻപ് 2011 മാർച്ചിലാണ് ഈ തസ്തികയിലേക്ക് അവസാനമായി നിയമന നടപടികൾ നടന്നത്. അന്ന് 4020 പേർക്ക് നിയമനം ലഭിച്ചിരുന്നു. നിലവിൽ സംസ്ഥാനത്തൊട്ടാകെ 985 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജൂൺ 6 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്. ₹ 24,400 – 43,600/- രൂപ നിരക്കിലാണ് ഈ തസ്തികയുടെ ശമ്പളം. ജില്ലാടിസ്ഥാനത്തിലുള്ള ഒഴിവുകളുടെ വിവരങ്ങൾ താഴെ നൽകുന്നു:

  • എറണാകുളം: 139
  • കോഴിക്കോട്: 117
  • തിരുവനന്തപുരം: 101
  • ഇടുക്കി: 96
  • കണ്ണൂർ: 73
  • ആലപ്പുഴ: 70
  • പാലക്കാട്: 68
  • കോട്ടയം, മലപ്പുറം: 64 വീതം
  • തൃശൂർ: 62
  • കൊല്ലം: 49
  • കാസർഗോഡ്: 32
  • വയനാട്: 26
  • പത്തനംതിട്ട: 24

പ്രായപരിധിയും യോഗ്യതയും: 18 മുതൽ 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം (ഉദ്യോഗാർത്ഥികൾ 02.01.1986-നും 01.01.2008-നും ഇടയിൽ ജനിച്ചവരായിരിക്കണം). പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതക്കൊപ്പം ഇലക്ട്രീഷ്യൻ/വയർമാൻ ട്രേഡിലുള്ള 2 വർഷത്തെ സർക്കാർ അംഗീകൃത നാഷണൽ/സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

ശാരീരിക ക്ഷമതയും പ്രായോഗിക പരീക്ഷയും: പുറം ജോലികൾ ചെയ്യുന്നതിനുള്ള ശാരീരിക ക്ഷമത തെളിയിക്കാൻ നിശ്ചിത ഫോർമാറ്റിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കാഴ്ചശക്തി സാധാരണ നിലയിലുള്ളവരും വർണ്ണാന്ധത (Color blindness) ഇല്ലാത്തവരുമായിരിക്കണം. പുരുഷന്മാർക്ക് കുറഞ്ഞത് 5 അടി 2 ഇഞ്ച് (157.48 cm) ഉയരവും, സ്ത്രീകൾക്ക് 4 അടി 9 ഇഞ്ച് (144.78 cm) ഉയരവും ഉണ്ടായിരിക്കണം. പ്രധാനമായും പോൾ ക്ലൈംബിംഗിലുള്ള വൈദഗ്ധ്യം പരിശോധിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾ 9 മീറ്റർ ഉയരമുള്ള ഇലക്ട്രിക് പോസ്റ്റിൽ 8 മിനിറ്റിനുള്ളിൽ കയറുകയും ഇറങ്ങുകയും ചെയ്യണം. പിഎസ്‌സി നടത്തുന്ന പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്കായി പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News