പ്രാദേശിക മാധ്യമപ്രവർത്തകർക്കായി ക്ഷേമനിധി ബോർഡ് രൂപീകരണം പരിഗണനയിൽ: മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം:
സംസ്ഥാനത്തെ പ്രാദേശിക മാധ്യമപ്രവർത്തകരുടെ ദീർഘനാളത്തെ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രാദേശിക മാധ്യമപ്രവർത്തകരുടെ സാമൂഹിക-സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പ്രത്യേക ക്ഷേമനിധി ബോർഡ് രൂപീകരിക്കുന്നതടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരള (IFWJ) സംസ്ഥാന ഭാരവാഹികൾ സമർപ്പിച്ച നിവേദനത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിന്റെ വികസന പ്രക്രിയയിലും, രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ ആരോഗ്യകരമായ വളർച്ചയിലും പ്രാദേശിക മാധ്യമപ്രവർത്തകർ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭരണ-പ്രതിപക്ഷ ഭേദമന്യേ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ ഇവർ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെക്രട്ടേറിയറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് കേരള സംസ്ഥാന പ്രസിഡന്റ് എ.പി. ജിനൻ, ജനറൽ സെക്രട്ടറിമാരായ രാജൻ വി. പൊഴിയൂർ, എ. അബൂബക്കർ, ട്രഷറർ ശ്രീലക്ഷ്മി ശരൺ, മീഡിയ ചെയർമാൻ ചെമ്പകശ്ശേരി ചന്ദ്രബാബു എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് മുഖ്യമന്ത്രിക്ക് നിവേദനം കൈമാറിയത്.
