റെക്കോഡ് വില്പനയുമായി കേരള സംസ്ഥാന വിഷു ബമ്പർ ഭാഗ്യക്കുറി; നറുക്കെടുപ്പ് മെയ് 23-ന്
BY:TS TVM
തിരുവനന്തപുരം:
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബമ്പർ ടിക്കറ്റ് വില്പനയിൽ വൻ റെക്കോഡ്. മെയ് 23-ന് നറുക്കെടുപ്പ് നടക്കാനിരിക്കെ, നിലവിൽ 44 ലക്ഷത്തിലധികം (44,61,670) ടിക്കറ്റുകളാണ് ഇതിനകം വിറ്റുതീർന്നത്. ആകെ അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റഴിഞ്ഞത് ഭാഗ്യക്കുറി വകുപ്പിന് വൻ നേട്ടമായി. പതിവുപോലെ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റപോയത്; 11,55,210 എണ്ണം.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ടിക്കറ്റ് വില്പനയിൽ വലിയ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 42,87,350 വിഷു ബമ്പർ ടിക്കറ്റുകളായിരുന്നു വിറ്റിരുന്നത്.
നറുക്കെടുപ്പ് വിവരങ്ങൾ
വിഷു ബമ്പർ (BR 109) നറുക്കെടുപ്പ് മെയ് 23-ന് ഉച്ചയ്ക്ക് കൃത്യം രണ്ടിന് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ച് നടക്കും. 300 രൂപ വിലയുള്ള ടിക്കറ്റുകൾ VA, VB, VC, VD, VE, VG എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് വിപണിയിലെത്തിയത്.
സമ്മാനവിവരങ്ങൾ ഒറ്റനോട്ടത്തിൽ
ഇത്തവണ ആകർഷകമായ സമ്മാനഘടനയാണ് വിഷു ബമ്പറിനായി ഒരുക്കിയിരിക്കുന്നത്:
- ഒന്നാം സമ്മാനം: 12 കോടി രൂപ (ഒരു ടിക്കറ്റിന്)
- സമാശ്വാസ സമ്മാനം: 1 ലക്ഷം രൂപ വീതം (ഒന്നാം സമ്മാനാർഹമായ അതേ നമ്പരുള്ള മറ്റ് 5 പരമ്പരകളിലെ ടിക്കറ്റുകൾക്ക്)
- രണ്ടാം സമ്മാനം: 1 കോടി രൂപ വീതം (ആറ് പരമ്പരകൾക്ക്)
- മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം (ആറ് പരമ്പരകൾക്ക്)
- നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം (ആറ് പരമ്പരകൾക്ക്)
കുറിപ്പ്: ഇവയ്ക്ക് പുറമെ 5000, 2000, 1000, 500, 300 രൂപ വീതമുള്ള നിരവധി മറ്റ് സമ്മാനങ്ങളും ഇത്തവണത്തെ വിഷു ബമ്പറിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കും.
