നിർമല സീതാരാമൻ മാറിയേക്കും; പകരം ശക്തികാന്ത ദാസ് ധനമന്ത്രി? മോദി സർക്കാരിൽ വൻ അഴിച്ചുപണിക്ക് വഴിതുറന്ന് ദൽഹി നീക്കങ്ങൾ
BY: TS TVM
ന്യൂഡൽഹി:
കേന്ദ്രമന്ത്രിസഭയിൽ വരുംദിവസങ്ങളിൽ വൻ അഴിച്ചുപണിക്ക് സാധ്യതയേറി. നീറ്റ് പരീക്ഷാ വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത അപ്രീതിക്ക് ഇരയായ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്നാണ് സൂചനകൾ. പുനഃസംഘടനയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചതോടെ തലസ്ഥാനത്ത് രാഷ്ട്രീയ നീക്കങ്ങൾ സജീവമായി.
വകുപ്പുമാറ്റങ്ങളിൽ ഏറ്റവും നിർണായകമാകുക ധനമന്ത്രി നിർമല സീതാരാമന്റെ സ്ഥാനചലനമായിരിക്കും. അവർക്ക് പകരം മുൻ റിസർവ് ബാങ്ക് ഗവർണറും പ്രധാനമന്ത്രിയുടെ വിശ്വസ്തനുമായ ശക്തികാന്ത ദാസിനെ രാജ്യത്തിന്റെ ധനകാര്യ ചുമതല ഏൽപ്പിക്കാനാണ് മോദിക്ക് താല്പര്യം. എട്ട് കേന്ദ്ര ബജറ്റുകളുടെ നിർമ്മാണത്തിൽ പങ്കാളിയായ അദ്ദേഹത്തിന്റെ സാമ്പത്തിക വൈദഗ്ധ്യം ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഖജനാവിന് കരുത്താകുമെന്നാണ് വിലയിരുത്തൽ. നിർമല സീതാരാമനെ മാനുഷിക വിഭവശേഷി മന്ത്രാലയത്തിലേക്ക് മാറ്റിയേക്കും.
രാഘവ് ഛദയും നിതീഷ് കുമാറും കേന്ദ്രത്തിലേക്ക്?
ആം ആദ്മി പാർട്ടിയിൽ നിന്ന് ബിജെപിയിലെത്തിയ പഞ്ചാബിലെ പ്രമുഖ യുവനേതാവ് രാഘവ് ഛദ മോദി മന്ത്രിസഭയിൽ നിർണായക സ്ഥാനത്തെത്തിയേക്കും. ഇതിനുപുറമേ മുൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ശിവസേനയിലെ ശ്രീകാന്ത് ഷിൻഡെ, തൃണമൂലിൽ നിന്നെത്തിയ സുകേന്ദു ശേഖർ റായ് എന്നിവർക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്ക് പുനഃസംഘടനയിൽ വലിയ മുൻഗണന ലഭിക്കും.
സുരേഷ് ഗോപി തുടരും; ഹർദീപ് സിംഗ് പുരി തെറിച്ചേക്കും
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദവിക്ക് മാറ്റമുണ്ടാകില്ല. എന്നാൽ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് സ്ഥാനം നഷ്ടമായേക്കുമെന്നാണ് വിവരം. പഞ്ചാബ് ലക്ഷ്യമിട്ട് മറ്റൊരു സിഖ് മുഖത്തെ ഈ പദവിയിലേക്ക് പരിഗണിച്ചേക്കും. കേരളത്തിൽ നിന്ന് പുതിയതായി മറ്റാർക്കും ഇത്തവണ മന്ത്രിസഭയിലേക്ക് വിളിയുണ്ടാകില്ലെന്നാണ് സൂചനകൾ.
