നിയമസഭയിൽ കൂടിക്കാഴ്ച നടത്തി മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം; മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകൾ നേർന്നു

 നിയമസഭയിൽ കൂടിക്കാഴ്ച നടത്തി മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം; മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസകൾ നേർന്നു

തിരുവനന്തപുരം:

മലങ്കര ഓർത്തഡോക്സ് സഭയുടെ ഉന്നതതല നേതൃത്വം നിയമസഭയിലെത്തി മുഖ്യമന്ത്രി ശ്രീ വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി. സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഭാ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ച് ആശംസകൾ അറിയിച്ചത്. കൂടിക്കാഴ്ചയുടെ ഭാഗമായി സഭാനേതൃത്വം മുഖ്യമന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരിശുദ്ധ കാതോലിക്കാ ബാവായുടെ അസി. പ്രിൻസിപ്പൽ സെക്രട്ടറി ഫാ.ഗീവർഗീസ് ജോൺസൺ എന്നിവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

മുഖ്യമന്ത്രിക്ക് പുറമെ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായും സഭാനേതൃത്വം കൂടിക്കാഴ്ച്ച നടത്തി. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് നിർത്തിക്കൊണ്ട് കേരളത്തെ വികസനത്തിന്റെ പാതയിലൂടെ നയിക്കാൻ പുതിയ സർക്കാരിന് സാധിക്കട്ടെ എന്ന് സഭാനേതൃത്വം ആശംസിച്ചു. അധികാരമേറ്റ ശേഷം സർക്കാർ പ്രഖ്യാപിച്ച നയങ്ങൾ വലിയ പ്രതീക്ഷ നൽകുന്നതാണെന്നും, പ്രത്യേകിച്ച് കുടിയേറ്റം വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ വയോജന വകുപ്പ് ഉൾപ്പെടെയുള്ളവ ഏറെ പ്രസക്തമാണെന്നും സഭാനേതൃത്വം കൂട്ടിച്ചേർത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News