കാൽവഴുതി വീണ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമം; ടെക്നോപാർക്ക് ജീവനക്കാരി ആറ്റിൽ മുങ്ങി മരിച്ചു
BY: TS TVM
വിതുര:
സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ടെക്നോപാർക്ക് ജീവനക്കാരി ആറ്റിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ (26) ആണ് വിതുരയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ദാരുണമായ സംഭവം.
പൊന്മുടി സന്ദർശനത്തിനെത്തിയ അനുപമയും സുഹൃത്തുക്കളും വിതുര ചന്തമുക്ക് താവയ്ക്കൽ ആറ്റിന്റെ തീരത്ത് എത്തിയതായിരുന്നു. പടിക്കട്ടിലൂടെ നടക്കുന്നതിനിടെ സുഹൃത്ത് കാൽവഴുതി ആറ്റിലേക്ക് വീഴുകയും, സുഹൃത്തിനെ രക്ഷിക്കാനായി കൈ നീട്ടുന്നതിനിടെ അനുപമയും വെള്ളത്തിൽ വീണുപോവുകയുമായിരുന്നു. സുഹൃത്തിനെ കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും അനുപമ വെള്ളത്തിൽ മുങ്ങിത്താണു.
തുടർന്ന് സമീപത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ചേർന്നാണ് അനുപമയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മണക്കാട് സ്വദേശിയായ അനുപമ ടെക്നോപാർക്കിലെ അലയൻസ് കമ്പനിയിലെ ജീവനക്കാരിയായിരുന്നു.
