അർജന്റീനയ്ക്ക് നാടകീയ ജയം: കേപ് വെർഡെയെ എക്സ്ട്രാ ടൈമിൽ തകർത്തു ചാമ്പ്യന്മാർ മുന്നോട്ട്
BY :TNN SPORTS DESK
2026 ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തി കേപ് വെർഡെ. മിയാമിയിൽ നടന്ന ആവേശം നിറഞ്ഞ മത്സരത്തിൽ എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിൽ 3-2 എന്ന സ്കോറിനാണ് അർജന്റീന വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ ഇതിഹാസ താരം ലയണൽ മെസ്സിയിലൂടെ അർജന്റീനയാണ് ആദ്യം ലീഡ് എടുത്തത്. മെസ്സിയുടെ കരിയറിലെ 20-ാമത് ലോകകപ്പ് ഗോളായിരുന്നു ഇത്. എന്നാൽ രണ്ടാം പകുതിയിൽ മികച്ച പോരാട്ടം കാഴ്ചവെച്ച കേപ് വെർഡെ 59-ാം മിനിറ്റിൽ ഡെറോയ് ഡുവാർട്ടെയിലൂടെ സമനില പിടിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 എന്ന സമനില പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.
എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ (92-ാം മിനിറ്റ്) ലിസാൻഡ്രോ മാർട്ടിനെസ് അർജന്റീനയ്ക്ക് വീണ്ടും ലീഡ് സമ്മാനിച്ചു. എന്നാൽ കേപ് വെർഡെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. 103-ാം മിനിറ്റിൽ സിഡ്നി ലോപ്പസ് കബ്രാൾ ബോക്സിന് പുറത്തുനിന്ന് തൊടുത്ത മനോഹരമായ ലോങ് റേഞ്ചർ ഗോൾ അർജന്റീനയെ വീണ്ടും ഞെട്ടിച്ചു (2-2).
ഒടുവിൽ 111-ാം മിനിറ്റിൽ മെസ്സിയുടെ കോർണർ കിക്കിൽ നിന്നും ക്രിസ്റ്റ്യൻ റൊമേറോ ഉയർന്നു ചാടി ഉതിർത്ത ഹെഡർ കേപ് വെർഡെ താരം ഡിനി ബോർഗസിന്റെ കൈയിൽ തട്ടി സെൽഫ് ഗോളായി മാറിയതോടെയാണ് അർജന്റീന വിജയമുറപ്പിച്ചത്. ഈ നാടകീയ വിജയത്തോടെ അർജന്റീന പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. അടുത്ത റൗണ്ടിൽ ഈജിപ്താണ് അർജന്റീനയുടെ എതിരാളികൾ.

