ഫിഫ ലോകകപ്പ് 2026: ചരിത്രം കുറിച്ച് പരാഗ്വേയുടെ മാറ്റിയാസ് ഗലാർസ; ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോൾ
2026 ഫിഫ ലോകകപ്പിൽ പരാഗ്വേയ്ക്കായി മാറ്റാസ് ഗലാർസ ഗോൾ നേടി
BY: RISHI GURUVAYUR
ന്യൂയോർക്ക്:
2026 ഫിഫ ലോകകപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കി പരാഗ്വേയുടെ മധ്യനിര താരം മാറ്റിയാസ് ഗലാർസ. ശനിയാഴ്ച നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ തുർക്കിക്കെതിരെ വെറും 65 സെക്കന്റുകൾക്കുള്ളിൽ ഗോൾ നേടിയാണ് ഗലാർസ ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളിന് ഉടമയായത്. മൈതാനത്തിന്റെ വലിയ അകലെ നിന്നുള്ള ഒരു ഉഗ്രൻ ലോങ് റേഞ്ച് ഷോട്ടിലൂടെയാണ് താരം പരാഗ്വേയ്ക്ക് സ്വപ്നതുല്യമായ തുടക്കം നൽകിയത്.
നേരത്തെ, സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ 72-ാം സെക്കന്റിൽ ഗോൾ നേടി മൊറോക്കോയുടെ ഇസ്മായിൽ സൈബാരി കുറിച്ച റെക്കോർഡാണ് മണിക്കൂറുകൾക്കകം ഗലാർസ തിരുത്തിയെഴുതിയത്. പരാഗ്വേയ്ക്ക് നിർണ്ണായകമായിരുന്ന മത്സരത്തിൽ ടീമിന് വലിയ ഊർജ്ജം നൽകുന്നതായിരുന്നു ഈ ചരിത്ര ഗോൾ.
അതേസമയം, വെള്ളിയാഴ്ച നടന്ന ഗ്രൂപ്പ് സി മത്സരത്തിൽ ഹെയ്തിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്രസീൽ ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചുവന്നു. സൂപ്പർ താരം മാറ്റിയൂസ് കുൻഹ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്റെ മൂന്നാം ഗോൾ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയതിന് കടുത്ത വിമർശനം നേരിട്ട കാർലോ ആൻസലോട്ടിയുടെ സംഘം, ഹെയ്തിക്കെതിരെ ആധികാരിക വിജയമാണ് നേടിയത്. ഈ തോൽവിയോടെ ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഹെയ്തി മാറി. പരിക്കിനെത്തുടർന്ന് നെയ്മർ ടീമിനൊപ്പം കളിച്ചിരുന്നില്ല. ജൂൺ 24-ന് മിയാമിയിൽ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീൽ സ്കോട്ട്ലൻഡിനെ നേരിടും.
