സംസ്ഥാനത്ത് വീണ്ടും ആശങ്ക: 13 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ഈ മാസം മാത്രം 133 രോഗബാധിതർ

 സംസ്ഥാനത്ത് വീണ്ടും ആശങ്ക: 13 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ഈ മാസം മാത്രം 133 രോഗബാധിതർ

തിരുവനന്തപുരം:

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീതി വർദ്ധിപ്പിച്ചുകൊണ്ട് ഇന്ന് 13 പേർക്ക് കൂടി ഷിഗെല്ല (Shigella) രോഗബാധ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോഴിക്കോട് 4, മലപ്പുറം 3, കണ്ണൂർ 3, പാലക്കാട് 2, കൊല്ലം 1 എന്നിങ്ങനെയാണ് ഇന്ന് വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകൾ. ഇതോടെ ഈ വർഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ആകെ ഷിഗെല്ല കേസുകളുടെ എണ്ണം 209 ആയി ഉയർന്നു.

ജൂൺ മാസം മാത്രം സംസ്ഥാനത്ത് ഇതുവരെ 133 ഷിഗെല്ല കേസുകളും 5 മരണങ്ങളുമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ അതീവ ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ നാല് ജില്ലകളിൽ ആരോഗ്യവകുപ്പ് ഔട്‌ബ്രേക്ക് (Outbreak) പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് (40), വയനാട് (18), തൃശൂർ (11), ആലപ്പുഴ (3) എന്നീ ജില്ലകളിലാണ് നിലവിൽ ഔട്‌ബ്രേക്ക് നിയന്ത്രണ നടപടികൾ ശക്തമാക്കിയിട്ടുള്ളത്.

ഇതിനുപുറമേ ജൂൺ മാസത്തിൽ മലപ്പുറം (19), തിരുവനന്തപുരം (15), കൊല്ലം (9), കണ്ണൂർ (10), ഇടുക്കി (3), പാലക്കാട് (3), എറണാകുളം (2) എന്നിവിടങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും അതിവേഗം പകരുന്ന ബാക്ടീരിയൽ അണുബാധയാണ് ഷിഗെല്ല. വയറിളക്കം, പനി, കഠിനമായ വയറുവേദന, മലത്തോടൊപ്പം രക്തവും കഫവും പോകുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മഴക്കാലം ശക്തമായ സാഹചര്യത്തിൽ കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്നും വ്യക്തിശുചിത്വം കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News