പ്രമുഖ പാൽ ഉത്പന്ന ബ്രാൻഡുകളുടെ പേരിൽ വാട്സ്‌ആപ്പ് തട്ടിപ്പ്: ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം:
പ്രമുഖ പാൽ ഉത്പന്ന സ്ഥാപനങ്ങളുടെയും ബിസിനസ് ബ്രാൻഡുകളുടെയും പേരും ലോഗോയും ദുരുപയോഗം ചെയ്ത് സംസ്ഥാനത്ത് വ്യാപകമായി സൈബർ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്. വാട്സ്‌ആപ്പ് വഴിയാണ് ഇത്തരം വ്യാജ സന്ദേശങ്ങളും ലിങ്കുകളും വൻതോതിൽ പ്രചരിക്കുന്നത്. ‘വാർഷികാഘോഷ സമ്മാനം’, ‘സൗജന്യ ഗിഫ്റ്റ്’ എന്നീ പേരുകളിൽ എത്തുന്ന ആകർഷകമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവരാണ് കെണിയിൽ അകപ്പെടുന്നത്.
ഔദ്യോഗിക സൈറ്റുകളോട് സാമ്യമുള്ള വ്യാജ വെബ്സൈറ്റുകളിലേക്കാണ് ഈ ലിങ്കുകൾ വഴി ഉപഭോക്താക്കൾ എത്തിപ്പെടുക. തുടർന്ന് സൈറ്റിലെ ലളിതമായ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതോടെ ‘സ്ക്രാച്ച് ആൻഡ് വിൻ’ വഴി വലിയ സമ്മാനങ്ങൾ അടിച്ചതായി വിശ്വസിപ്പിക്കുന്നു. ഈ സമ്മാനം കൈപ്പറ്റുന്നതിനായി സന്ദേശം മറ്റ് വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലേക്കോ സുഹൃത്തുക്കൾക്കോ ഷെയർ ചെയ്യാൻ ആവശ്യപ്പെടുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഇതിലൂടെ ലിങ്ക് അതിവേഗം മറ്റുള്ളവരിലേക്ക് പടരുകയും ചെയ്യുന്നു.
ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്ന നിമിഷം തന്നെ ഫോണിന്റെ പൂർണ്ണ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കുമെന്നും പോലീസ് വ്യക്തമാക്കുന്നു. തുടർന്ന് ഫോണിലെ ബാങ്ക് വിവരങ്ങളും ഒടിപിയും (OTP) ചോർത്തി അക്കൗണ്ടിലുള്ള പണം മുഴുവൻ തട്ടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. പണം നഷ്ടപ്പെടുന്നതിന് പുറമെ, ഫോണിലെ സ്വകാര്യ വിവരങ്ങളും ഫോട്ടോകളും ചോർത്തിയെടുത്ത് ഭീഷണിപ്പെടുത്താനും മോചനദ്രവ്യം ആവശ്യപ്പെടാനും സാധ്യതയുണ്ട്. ലിങ്കുകൾ വഴി ഫോണുകളിൽ അപകടകരമായ വൈറസുകളും മാൽവെയറുകളും ഇൻസ്റ്റാൾ ചെയ്യപ്പെട്ടേക്കാം. അതിനാൽ വാട്സ്‌ആപ്പിൽ വരുന്ന ഇത്തരം വ്യാജ സമ്മാന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും സന്ദേശങ്ങൾ മറ്റുള്ളവർക്ക് കൈമാറരുതെന്നും കേരള പോലീസ് കർശന നിർദ്ദേശം നൽകി.
