ആൽഷീമേഴ്സ് രോഗനിർണയത്തിന് വഴിത്തിരിവായി എഫ്.ഡി.എ അംഗീകാരം: പുതിയ ബ്ലഡ് ടെസ്റ്റിന് അനുമതി നൽകി അമേരിക്ക

വാഷിംഗ്ടൺ:
ആൽഷീമേഴ്സ് രോഗലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ തന്നെ കൃത്യമായി കണ്ടെത്തുന്നതിനുള്ള ആദ്യത്തെ സിംഗിൾ-ബയോമാർക്കർ രക്തപരിശോധനയ്ക്ക് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) അംഗീകാരം നൽകി. ഓർമക്കുറവോ മറ്റ് ജ്ഞാനപരമായ പ്രയാസങ്ങളോ അനുഭവപ്പെടുന്ന 55 വയസ്സും അതിനുമുകളിലും പ്രായമുള്ള മുതിർന്ന ആളുകളിലാണ് ഈ പരിശോധന നടത്തുക. റോഷ്, എലി ലില്ലി എന്നീ പ്രമുഖ ഔഷധ നിർമാണ കമ്പനികൾ സംയുക്തമായി വികസിപ്പിച്ച ‘ഇലക്സിസ് ഫോസ്ഫോ-ടൗ 217 പ്ലാസ്മ (pTau217)’ എന്നാണ് ഈ ടെസ്റ്റിന്റെ പേര്.
രക്തത്തിലെ ‘ഫോസ്ഫോറിലേറ്റഡ് ടൗ 217’ എന്ന പ്രോട്ടീന്റെ സാന്നിധ്യം അളക്കുന്നതിലൂടെ മസ്തിഷ്കത്തിലെ അമിലോയിഡ് പ്രോട്ടീൻ അടിഞ്ഞുകൂടൽ എത്രത്തോളമുണ്ടെന്ന് കണ്ടെത്താൻ സാധിക്കും. രോഗിയുടെ രക്തപരിശോധനാ ഫലം പോസിറ്റീവാണോ അതോ നെഗറ്റീവാണോ (Rule-in & Rule-out) എന്ന് ഒരൊറ്റ ബയോമാർക്കറിലൂടെ തന്നെ ഈ ടെസ്റ്റ് വ്യക്തമാക്കും. മുൻപ് നിലവിലുണ്ടായിരുന്ന ഒന്നിലധികം പ്രോട്ടീൻ അനുപാതങ്ങൾ പരിശോധിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ലളിതമായ രീതിയാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്.
പുതിയ രക്തപരിശോധന ആൽഷീമേഴ്സ് ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് വൈദ്യശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു. കുറഞ്ഞ ചെലവിൽ രോഗനിർണയം നടത്താനും, കൂടുതൽ രോഗികളിലേക്ക് പരിശോധന എളുപ്പത്തിൽ എത്തിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ പ്രത്യാശ പ്രകടിപ്പിച്ചു.
