ഉസ്ബെക്കിസ്ഥാനിൽ യോഗ സെഷനിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി: സാംസ്കാരിക ബന്ധം ദൃഢമായെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി:
ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിന്റെ ഭാഗമായി താഷ്കെന്റിൽ സംഘടിപ്പിച്ച യോഗ സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. യോഗ ഫെഡറേഷൻ ഓഫ് ഉസ്ബെക്കിസ്ഥാന്റെ ആഭിമുഖ്യത്തിൽ നടന്ന് പരിപാടി ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധവും ജനങ്ങൾ തമ്മിലുള്ള സൗഹൃദവും കൂടുതൽ ദൃഢമാക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ചടങ്ങിൽ പങ്കെടുത്ത യോഗ പ്രേമികളുമായി പ്രധാനമന്ത്രി സംവദിക്കുകയും യോഗ പ്രദർശനങ്ങൾ വീക്ഷിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി താഷ്കെന്റിലെത്തിയത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള നരേന്ദ്ര മോദിയുടെ നാലാമത് ഉസ്ബെക്കിസ്ഥാൻ സന്ദർശനമാണിത്. ശനിയാഴ്ച താഷ്കെന്റ് വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തിന് ഉസ്ബെക് ഭരണകൂടം ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.
