കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ബന്ധു ഹൃദയാഘാതം മൂലം മരിച്ചു
കോഴിക്കോട്:
കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച സുനിലിന്റെ വിയോഗവാർത്തയറിഞ്ഞ് എത്തിയ ബന്ധു ഹൃദയാഘാതം മൂലം മരിച്ചു. വിലങ്ങാട് വായാട് ഉന്നതിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ പിതൃസഹോദര പുത്രനും വട്ടോളി ഗവൺമെന്റ് എൽ.പി. സ്‌കൂളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനുമായ ജിനേഷ് (34) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. സുനിലിന്റെ വീട്ടിൽ വെച്ച് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ട ജിനേഷിനെ ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ശനിയാഴ്ചയായിരുന്നു വിലങ്ങാട് വായാട് ഉന്നതിയിൽ വെച്ച് കാട്ടുപോത്തിന്റെ ആക്രമണത്തിൽ സുനിൽ കൊല്ലപ്പെട്ടത്. ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുനിലിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
