തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി; രോഗി മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു
തിരുവനന്തപുരം:
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കട്ടിലിൽ നിന്ന് താഴെ വീണ് രോഗി മരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ ചികിത്സാ പിഴവിന് പരാതി. കൊല്ലം ചടയമംഗലം സ്വദേശി സുകുമാര പിള്ള (87) ആണ് മരിച്ചത്. കൃത്യമായ ശ്രദ്ധയും ചികിത്സയും ലഭിക്കാത്തതാണ് മരണത്തിന് ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തിയതോടെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പക്ഷാഘാതത്തെ തുടർന്ന് ഈ മാസം 26-നാണ് സുകുമാരപിള്ളയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 29-ന് വാർഡിൽ ചികിത്സയിലിരിക്കെ തറയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും കണ്ണിനും സാരമായി പരിക്കേറ്റു. കട്ടിലിൽ നിന്ന് വീഴുന്നതുവരെ സംസാരിച്ചിരുന്ന സുകുമാരപിള്ള അപകടത്തിന് ശേഷം സംസാരിക്കാൻ കഴിയാത്തവിധം അവശ നിലയിലായെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
അവശനിലയിലായ രോഗിയെ ഐസിയുവിലേക്ക് മാറ്റാൻ അധികൃതർ തയ്യാറായില്ലെന്നും, തലയിലെ മുറിവിൽ തയ്യലിട്ടത് വാർഡിലെ അതേ ബെഡിൽ വെച്ചാണെന്നും കുടുംബം പരാതിപ്പെട്ടു. സുരക്ഷാ ഹാൻഡ് റെയിലുകളുള്ള കട്ടിലായിരുന്നു നൽകിയിരുന്നതെങ്കിൽ ഇത്തരം ഒരു അപകടം ഒഴിവാക്കാമായിരുന്നുവെന്ന് സുകുമാര പിള്ളയുടെ മകൾ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
