തിയേറ്ററിൽ ചായ കുടിക്കാൻ ലോണെടുക്കണം; ഭക്ഷണസാധനങ്ങളുടെ അമിതവിലയ്ക്കെതിരെ മേയർ വി. വി. രാജേഷ്
തിരുവനന്തപുരം:
സിനിമാ തിയേറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയ്ക്കെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി തിരുവനന്തപുരം മേയർ വി. വി. രാജേഷ്. പുറത്ത് 25 രൂപ മാത്രം വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപയാണ് ഈടാക്കുന്നതെന്നും, തിയേറ്ററിനുള്ളിൽ കയറി ഒരു ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്ഥയാണെന്നും മേയർ പരിഹസിച്ചു.
കൊച്ചുകുട്ടികളുമായി തിയേറ്ററുകളിൽ പോകുന്ന രക്ഷിതാക്കൾക്ക് 1,000 രൂപ നൽകിയാൽ മാത്രമേ പോപ്കോൺ പോലും ലഭിക്കൂ എന്ന സാഹചര്യമാണുള്ളത്. ഭക്ഷണസാധനങ്ങൾ കൊള്ളവിലയ്ക്കാണ് വിൽക്കുന്നത് എന്നും ഇത് തികച്ചും ആരോഗ്യകരമായ ഒരു പ്രവണതയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വില നിശ്ചയിക്കുന്നത് കോർപ്പറേഷന്റെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെങ്കിലും, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാട് ഉന്നയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിയേറ്ററുകളിലെ ഈ അമിതവില നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ലീഗൽ മെട്രോളജി വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും മേയർ വി. വി. രാജേഷ് ആവശ്യപ്പെട്ടു.
