യുഎസ് യുദ്ധക്കപ്പലിന് നേരെ ആക്രമണം: 5 ഇറാനിയൻ ക്രൂഡ് ഓയിൽ ടാങ്കറുകൾ തകർത്ത് അമേരിക്ക; തിരിച്ചടിച്ച് ഐആർജിസി

വാഷിംഗ്ടൺ/ടെഹ്‌റാൻ: തങ്ങളുടെ യുദ്ധക്കപ്പലിന് നേരെ ബാല്ലിസ്റ്റിക് മിസൈൽ ആക്രമണം നടത്താൻ ശ്രമിച്ച ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) നടപടിക്ക് മറുപടിയായി അഞ്ച് ഇറാനിയൻ ക്രൂഡ് ഓയിൽ ടാങ്കറുകൾ അമേരിക്കൻ സൈന്യം തകർത്തു. ഇതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കടുക്കുകയാണ്.
അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് മേഖലയിലെ രണ്ട് യുഎസ് കപ്പലുകളും എട്ട് എണ്ണക്കപ്പലുകളും തങ്ങൾ ലക്ഷ്യമിട്ടതായി ഐആർജിസി അറിയിച്ചു. കൂടാതെ, ഹോർമുസ് കടലിടുക്കിലെ വിലക്കപ്പെട്ടതും സുരക്ഷിതമല്ലാത്തതുമായ മേഖലയിലൂടെ കടന്നുപോകാൻ ശ്രമിച്ച 10 കപ്പലുകൾക്ക് നേരെയും ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു.
ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെയും ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇറാൻ തൊടുത്തുവിട്ട 18 ബാല്ലിസ്റ്റിക് മിസൈലുകൾ തങ്ങൾ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി ജോർദാൻ വ്യക്തമാക്കി.
അമേരിക്കൻ നാവികസേനയുടെ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ ശ്രമിച്ചാൽ ഇനിയും ഇറാൻ എണ്ണക്കപ്പലുകൾ തകർക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ടെഹ്‌റാന് കർശന മുന്നറിയിപ്പ് നൽകി.
