ഇരിട്ടിയിൽ തലകറങ്ങി വീണ വിദ്യാർത്ഥിനിയോട് ക്രൂരത: അധ്യാപികയ്ക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ; പ്രതിഷേധം രൂക്ഷം
BY: LILLY KANNUR
കണ്ണൂർ: ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യുപി സ്കൂളിൽ തലകറങ്ങി വീണ വിദ്യാർത്ഥിനിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് പരാതി. സ്കൂളിലെ അധ്യാപികയായ സിസ്റ്റർ ലിന്റോ ജോസിനെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്.
രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറയുന്ന അസുഖമുള്ളതിനാൽ കുട്ടി സ്ഥിരമായി മരുന്ന് കഴിക്കാറുണ്ടായിരുന്നു. ഈ വിവരങ്ങൾ സ്കൂൾ അധികൃതർക്ക് നേരത്തെ തന്നെ വ്യക്തമായി അറിയാവുന്നതുമായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കുട്ടി ക്ലാസ് മുറിയിൽ അസ്വസ്ഥതയെ തുടർന്ന് കുഴഞ്ഞുവീണത്. സഹപാഠികൾ വിവരമറിയിച്ചപ്പോൾ ‘വയ്യാത്ത കുട്ടി എന്തുകൊണ്ട് നേരിട്ട് വന്ന് പറഞ്ഞില്ല’ എന്ന് ചോദിച്ച അധ്യാപിക, വീണുകിടന്ന കുട്ടിയോട് ‘ചത്തില്ലേ’ എന്ന് ആക്രോശിക്കുകയും ചവിട്ടുകയും ചെയ്തതായാണ് രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നത്.
സംഭവത്തിൽ പ്രതിഷേധവുമായി രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വിദ്യാർത്ഥിയോട് തികച്ചും ക്രൂരമായി പെരുമാറിയ സിസ്റ്റർ ലിന്റോ ജോസിനെ ഉടനടി സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
