കൊല്ലം ആർപി മാളിലെ മൾട്ടിപ്ലക്സ് തിയേറ്ററിൽ മിന്നൽ പരിശോധന: കാലാവധി കഴിഞ്ഞ പാലും പ്രാണികൾ വീണ ഐസ്ക്രീമും പിടിച്ചെടുത്തു; നോട്ടീസ് അയച്ചു
BY:kollam mohanan pilla
കൊല്ലം:
നഗരത്തിലെ പ്രമുഖ മാളായ ആർപി മാളിൽ പ്രവർത്തിക്കുന്ന മൾട്ടിപ്ലക്സ് തിയേറ്ററിലെ കഫെറ്റീരിയയിൽ ലീഗൽ മെട്രോളജിയും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും നിയമലംഘനങ്ങൾക്കും തിയേറ്റർ ഉടമയ്ക്ക് അധികൃതർ നോട്ടീസ് അയച്ചു.
പരിശോധനയ്ക്കിടെ തിയേറ്ററിലെ കഫെറ്റീരിയയിൽ നിന്ന് മൂന്ന് ദിവസം പഴകിയതും കാലാവധി കഴിഞ്ഞതുമായ പാൽ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തു. ഫ്രീസറിൽ മതിയായ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐസ്ക്രീമുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ തുറന്ന നിലയിലാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഈ ഭക്ഷണസാധനങ്ങളിൽ മുടിയും പ്രാണികളും വീണ നിലയിലായിരുന്നു കാണപ്പെട്ടത്.
കൂടാതെ, സിനിമ കാണാനെത്തുന്നവർക്ക് വിൽക്കുന്ന പോപ്പ് കോൺ ബില്ലുകളിൽ തൂക്കം കൃത്യമായി രേഖപ്പെടുത്താതിരുന്നതിനാണ് ലീഗൽ മെട്രോളജി വകുപ്പ് നടപടിയെടുത്തത്. വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ തിയേറ്ററുകളിലും മൾട്ടിപ്ലക്സുകളിലും പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
