കിഴക്കേ ഗോപുരനടയിൽ പുലർച്ചെ രണ്ടരയ്ക്ക് നാഴികമണി മുഴങ്ങുമ്പോൾ, ആകാശവീഥിയിലേക്ക് ഒഴുകിയെത്തുന്ന ആ പവിത്രശബ്ദം മലയാളിയുടെ പുലരികളുടെ ഭാഗമായിട്ട് ഇന്നേക്ക് 65 വർഷം! “ഓം നമോ നാരായണായ…” എന്ന നാമമന്ത്രത്തോടെ ഗാനകോകിലം പി. ലീല പാടി സമർപ്പിച്ച നാരായണീയം, ജ്ഞാനപ്പാന, ഹരിനാമകീർത്തനം ഗ്രാമഫോൺ റെക്കോർഡുകൾക്ക് ആറരപ്പതിറ്റാണ്ടിന്റെ ഭക്തിനിർഭരമായ ചരിത്രം.
1961 സെപ്റ്റംബർ 21-ന് സാഹിത്യ കുശലൻ പുത്തേഴത്ത് രാമൻ മേനോൻ ഉദ്ഘാടനം നിർവ്വഹിക്കുകയും, സെപ്റ്റംബർ 22 മുപ്പട്ടു വെള്ളിയാഴ്ച മുതൽ ക്ഷേത്രസന്നിധിയിൽ നിത്യേന കേൾപ്പിച്ചു തുടങ്ങുകയും ചെയ്ത ആ ദിവ്യനാദം, കാല സാങ്കേതികവിദ്യയുടെ മാറ്റങ്ങളെല്ലാം അതിജീവിച്ച് ഇന്നും ഭക്തലക്ഷങ്ങളെ അനുഗ്രഹിച്ച് ഒഴുകുന്നു.
ഗുരുവായൂർ ക്ഷേത്രസന്നിധിയിലെ പ്രഭാതക്കാഴ്ച.
ദിവ്യ നിയോഗം; എം.എസ്. സുബ്ബലക്ഷ്മിയിൽ നിന്ന് പി. ലീലയിലേക്ക്
നാരായണീയത്തിന് ഒരു ശബ്ദരേഖ തയ്യാറാക്കാൻ 1961 മാർച്ച് മാസത്തിലാണ് ദേവസ്വം തീരുമാനിക്കുന്നത്. അന്നത്തെ ദേവസ്വം മാനേജർ എം.കെ. രാജ, എസ്.പി. നായർ, എ.സി. ഗോദവർമ്മ രാജ എന്നിവരായിരുന്നു ഈ ഉദ്യമത്തിനു പിന്നിൽ. ആദ്യ ഘട്ടത്തിൽ പ്രശസ്ത സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയെ സമീപിക്കാൻ തീരുമാനിച്ചെങ്കിലും, അവർ ഉത്തരേന്ത്യൻ പര്യടനത്തിലായതിനാൽ ആ മഹാഭാഗ്യം പി. ലീലയെ തേടിയെത്തുകയായിരുന്നു.
പ്രശസ്ത സംഗീതസംവിധായകൻ ദക്ഷിണാമൂർത്തി സ്വാമികളുടെ നിർദ്ദേശപ്രകാരം നാരായണീയത്തിലെ പ്രഥമ ദശകം, രാസക്രീഡ വർണ്ണിക്കുന്ന 69-ാം ദശകം, കേശാദിപാദവർണ്ണന അടങ്ങിയ 100-ാം ദശകം എന്നിവയാണ് റെക്കോർഡിങ്ങിനായി തെരഞ്ഞെടുത്തത്.
പൂർണ്ണ വ്രതവിശുദ്ധിയോടെ ഒരു സമർപ്പണം
തന്റെ 27-ാം വയസ്സിൽ ലഭിച്ച ഈ നിയോഗം പൂർണ്ണ വ്രതവിശുദ്ധിയോടെയാണ് പി. ലീല ഏറ്റെടുത്തത്. ഒരു സംസ്കൃതാദ്ധ്യാപകന്റെ സഹായത്തോടെ ഓരോ ശ്ലോകത്തിന്റെയും അർത്ഥവും ഉച്ചാരണശുദ്ധിയും മനസ്സിലാക്കി അവർ പരിശീലനം നടത്തി.
ഡോ. പി.കെ. നാരായണപ്പിള്ള, ആഞ്ഞം മാധവൻ നമ്പൂതിരി എന്നിവരുടെ അനുഗ്രഹങ്ങൾ വാങ്ങി, മദിരാശിയിലെ എച്ച്.എം.വി. സ്റ്റുഡിയോയിൽ വെച്ച് ജൂലൈ മാസത്തോടെ റെക്കോർഡിങ് പൂർത്തിയാക്കി. മറ്റു പരിപാടികളെല്ലാം മാറ്റിവെച്ച്, യാതൊരു പ്രതിഫലവും വാങ്ങാതെ തന്റെ ഇഷ്ടദേവനായ ഗുരുവായൂരപ്പനുള്ള നിഷ്കാമ സമർപ്പണമായാണ് പി. ലീല ഈ ആലാപനം നിർവ്വഹിച്ചത്.
നാദമാധുരിയിലൂടെ ഗുരുവായൂരപ്പനെ പാടിപ്പുകഴ്ത്തിയ ഗാനകോകിലം പി. ലീല.
ഗ്രാമഫോണിൽ നിന്ന് പെൻഡ്രൈവിലേക്ക്; മാറാതെയുള്ള ആ ദിവ്യനാദം
അന്ന് സരസ്വതി സ്റ്റോർസ് തയ്യാറാക്കിയ 800 ഗ്രാമഫോൺ റെക്കോർഡുകൾ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാ സ്പീക്കർ, തിരുവിതാംകൂർ-കൊച്ചി മഹാരാജാക്കന്മാർ എന്നിവർക്കെല്ലാം ഉപഹാരമായി നൽകിയിരുന്നു. അന്ന് 3.50 രൂപ മാത്രം വിലയുണ്ടായിരുന്ന ഗ്രാമഫോൺ റെക്കോർഡുകളിൽ നിന്നും കാലം പുരോഗമിച്ച് കാസറ്റുകൾ, സി.ഡി., എം.പി.3 വഴി ഇന്ന് പെൻഡ്രൈവിലും യൂട്യൂബിലും വരെ ഈ കീർത്തനങ്ങൾ എത്തിനിൽക്കുന്നു.
മേൽപ്പത്തൂർ ഭട്ടതിരിപ്പാട് നാരായണീയക്കാവ്യം സമർപ്പിച്ചിട്ട് 440 വർഷം തികയുന്ന ഈ വേളയിൽ, കഴിഞ്ഞ 65 വർഷമായി ഒരേ കൃത്യനിഷ്ഠയോടെ, പുലർച്ചെ രണ്ടരയ്ക്ക് ദേവസ്വം ഇലക്ട്രിക്കൽ വിഭാഗത്തിലൂടെ ഈ ഗാനങ്ങൾ കേൾപ്പിച്ചു തുടങ്ങുന്ന ആചാരം ഇന്നും അനുസ്യൂതം തുടരുന്നു.