സ്പായുടെ മറവിൽ പെൺവാണിഭം: ഇടപ്പള്ളിയിൽ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ

 സ്പായുടെ മറവിൽ പെൺവാണിഭം: ഇടപ്പള്ളിയിൽ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ

കൊച്ചി: കളമശ്ശേരിയിൽ തൊഴിൽ വാഗ്ദാനം നൽകി യുവതിയെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികൾ നടത്തിയത് അതിക്രൂര പീഡനമെന്ന് ഭർത്താവിൻ്റെ വെളിപ്പെടുത്തൽ. ലഹരിമരുന്ന് നൽകി മയക്കിയ ശേഷമാണ് പ്രതികൾ കൃത്യം ചെയ്തതെന്നും, ഗുരുതരമായി പരിക്കേറ്റ യുവതി കടുത്ത മാനസികാഘാതത്തിലാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

സ്പായിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ യുവതിക്ക് ഐസ്ക്രീമിൽ ലഹരിമരുന്ന് കലർത്തി നൽകുകയായിരുന്നു. പീഡനത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തടഞ്ഞു വെച്ചു. ഒടുവിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് അവിടെനിന്ന് രക്ഷപ്പെടാനായത്. വീട്ടിലെത്തിയപ്പോൾ എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതി ആരെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. സംഭവത്തിൽ നാലിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ഭർത്താവ് ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാർത്തികപ്പള്ളി ഇരിക്കാവ് സ്വദേശി ശ്രീരാജ് (30), തൃക്കാക്കര നോർത്ത് തേവക്കൽ സ്വദേശി ജിത്ത് മാർട്ടിൻ (27) എന്നിവരാണ് പിടിയിലായത്. സ്പാകളുടെ മറവിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘത്തിലെ പ്രധാനികളാണ് ഇരുവരുമെന്ന് പൊലീസ് വ്യക്തമാക്കി.

ഒക്ടോബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്പാകളിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഇടപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിലേക്ക് അഭിമുഖത്തിനായി വിളിച്ചുവരുത്തുകയായിരുന്നു. രാവിലെ അഭിമുഖത്തിന് ശേഷം ജോലി ലഭിച്ചതായി അറിയിച്ചു. തുടർന്ന് വൈകിട്ട് വീണ്ടും വിളിച്ചുവരുത്തി ബിയറിലും ഭക്ഷണത്തിലും ലഹരി കലർത്തി നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

മാനസികമായി തകർന്ന യുവതിക്ക് പരാതി നൽകാൻ കഴിയാതിരുന്നതിനെ തുടർന്ന്, സുഹൃത്തുക്കൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ ഒരു സ്ത്രീയടക്കം മറ്റ് രണ്ടുപേർക്കായി അന്വേഷണം ഊർജിതമാക്കിയതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു. തൃക്കാക്കര അസിസ്റ്റൻ്റ് കമ്മിഷണർ ബിജോയ് ചന്ദ്രൻ സി.കെ, കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എ.എൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News