വയോധികനെ തടയാൻ ശ്രമിച്ച സജിയെ വളഞ്ഞിട്ട് തല്ലി; ചിറയിൻകീഴ് സജിയുടെ മരണത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനം

തിരുവനന്തപുരം: ചിറയിൻകീഴിൽ പോലീസിന്റെ ക്രൂര മർദനത്തിനിരയായ പെരുംകുഴി സ്വദേശി സജി (42) മരണപ്പെട്ട സംഭവത്തിൽ പോലീസിനും ആശുപത്രി അധികൃതർക്കുമെതിരെ രോഷം പുകയുന്നു. പ്രദേശവാസിയായ വയോധികനെ പോലീസ് ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച സജിയെ അഞ്ചിലധികം വരുന്ന പോലീസുകാർ വളഞ്ഞിട്ട് തലയ്ക്കും ശരീരത്തിനും ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
തലയ്ക്കേറ്റ മാരകമായ അടിയെ തുടർന്ന് രക്തം ഛർദിക്കുകയും മൂത്രത്തിൽ രക്തത്തിന്റെ അംശം കാണപ്പെടുകയും ചെയ്ത സജിയെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, മതിയായ ചികിത്സ നൽകാതെ ചിറയിൻകീഴ് താലൂക്ക് ആശുപത്രി അധികൃതർ ഇദ്ദേഹത്തെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നുവെന്നും, ഇതാണ് മരണത്തിന് ഇടയാക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
സംഭവത്തിൽ ആഭ്യന്തര വകുപ്പിനും പോലീസിനുമെതിരെ ശക്തമായ രാഷ്ട്രീയ പ്രതിഷേധവും ഇരമ്പുകയാണ്. സംസ്ഥാനത്ത് പോലീസിന്റെ കടിഞ്ഞാൺ ആഭ്യന്തര വകുപ്പിന് നഷ്ടപ്പെട്ട അവസ്ഥയാണെന്നും ഉദ്യോഗസ്ഥരുടെ നരനായാട്ടാണ് നടക്കുന്നതെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് ആരോപിച്ചു. അടിയന്തരമായി കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും താലൂക്ക് ആശുപത്രിയുടെ വീഴ്ച അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.
