ചെന്നൈ മെട്രോയുടെ പൂനമല്ലി – വടപളനി പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
ചെന്നൈ: ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാഗമായ പൂനമല്ലി – വടപളനി സ്ട്രെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാവിലെ ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി വിജയ് സ്വീകരിച്ചു. തുടർന്ന് ഇരുവരും ചേർന്ന് മെട്രോ ഉദ്ഘാടന ചടങ്ങുകളിലേക്ക് നീങ്ങി.
ഏകദേശം 4,900 കോടി രൂപ ചെലവിലാണ് പൂനമല്ലി – വടപളനി പാത നിർമ്മിച്ചിരിക്കുന്നത്. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിലെ നാലാം ഇടനാഴിയിൽ ഉൾപ്പെടുന്ന ഈ പാതയിൽ 3.7 കിലോമീറ്റർ നീളമുള്ള ഡബിൾ ഡെക്കർ പാതയും ഉൾപ്പെടുന്നു. ഡ്രൈവർരഹിത സർവീസുകൾ നടത്താവുന്ന അത്യാധുനിക സിഗ്നലിങ് സംവിധാനമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിൽ 13,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ഇന്ന് നിർവ്വഹിക്കുന്നുണ്ട്. ഹൈവേ, റെയിൽവേ, തുറമുഖം, പെട്രോളിയം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിലെ സുപ്രധാന പദ്ധതികളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

