സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസ്: പിണറായി വിജയനും ടി. വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് എഫ്ഐആർ

 സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസ്: പിണറായി വിജയനും ടി. വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് എഫ്ഐആർ

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്സാലോജിക് മാസപ്പടി, കുഴൽപ്പണ കേസുകളിൽ നിർണ്ണായക നീക്കവുമായി വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരെ പ്രതിചേർത്ത് വിജിലൻസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നാണ് കേസെടുത്തിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി അന്വേഷണ സംഘം തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്ഐആറുകൾ സമർപ്പിച്ചു.

ആകെ പതിമൂന്ന് പ്രതികളുള്ള കേസിൽ രണ്ട് വ്യത്യസ്ത എഫ്ഐആറുകളായാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎൽ കമ്പനിക്കുവേണ്ടി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നാണ് ആദ്യത്തെ കേസ്. ഇതിൽ പിണറായി വിജയൻ ഒന്നാം പ്രതിയും മകൾ ടി. വീണ രണ്ടാം പ്രതിയും മുഹമ്മദ് റിയാസ് മൂന്നാം പ്രതിയുമാണ്. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന ഐടി കമ്പനിക്ക് സിഎംആർഎൽ നൽകാത്ത സേവനത്തിന് 3.28 കോടി രൂപ നൽകിയത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തൽ.

രണ്ടാമത്തെ കേസ് കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ടതാണ്. ഈ കേസിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും ടി. വീണ രണ്ടാം പ്രതിയുമാണ്. മാസപ്പടിയായി ലഭിച്ച പണം ഷെൽ കമ്പനികൾ വഴി വിദേശത്തേക്ക് കടത്തിയെന്നാണ് പ്രധാന ആരോപണം. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ചുവന്ന ഡയറിയിലെ വിവരങ്ങൾ, ബാങ്ക് ഇടപാടുകൾ, വിദേശ കറൻസി കൈമാറ്റം, ബിനാമി സിം കാർഡുകളുടെ ഉപയോഗം എന്നിവയാണ് ഈ കേസിന് അടിസ്ഥാനമായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്.

നേരത്തെ സംസ്ഥാന പൊലീസ് മേധാവി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. പ്രത്യേക സംഘത്തെ രൂപീകരിക്കാനുള്ള അധികാരം സർക്കാരിനാണെന്നും ഡിജിപിക്കല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കുറ്റകൃത്യം ബോധ്യപ്പെട്ടാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസിന് ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് വിജിലൻസ് പുതിയ നടപടികളിലേക്ക് കടന്നത്. പുതിയ അന്വേഷണ സംഘത്തെ സർക്കാർ ഉടൻ പ്രഖ്യാപിക്കും.

മാസപ്പടി കേസിൽ താൻ നടത്തിയ നിയമപോരാട്ടം സാർഥകമായെന്ന് ഹർജിക്കാരനായ കെ.എം ഷാജഹാൻ പ്രതികരിച്ചു. താൻ മൂന്നര വർഷം മുൻപ് ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നടപടികളെന്ന് മാത്യു കുഴൽനാടൻ എംഎൽഎയും വ്യക്തമാക്കി. അതേസമയം, എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയനും മുഹമ്മദ് റിയാസും ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചേക്കുമെന്നാണ് സൂചന.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News