സീ-മാറ്റ് ബന്ധു നിയമന വിവാദം; കെപിസിസി ജനറൽ സെക്രട്ടറിയുടെ ഭാര്യ ആർ. എസ് ഷാനി രാജിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സീ-മാറ്റ് (SIEMAT) ബന്ധു നിയമന വിവാദത്തിൽ നിർണ്ണായക വഴിത്തിരിവ്. കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ആർ.എസ്. ഷാനി റിസർച്ച് ഓഫീസർ പദവിയിൽ നിന്ന് രാജിവെച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ മാനേജ്മെന്റ് ആൻഡ് ട്രെയിനിങ് സ്ഥാപനത്തിലായിരുന്നു കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിച്ചിരുന്നത്. 40,000 രൂപയായിരുന്നു ഈ തസ്തികയുടെ പ്രതിമാസ ശമ്പളം.
അപേക്ഷകൾ ക്ഷണിക്കാതെയും യാതൊരുവിധ അഭിമുഖങ്ങളും നടത്താതെയുമാണ് നിയമനം നടപ്പിലാക്കിയതെന്ന ആക്ഷേപം ശക്തമായിരുന്നു. വേണ്ടത്ര യോഗ്യതകളില്ലാതെയാണ് ഷാനി ഷെഫീറിനെ തിരഞ്ഞെടുത്തതെന്ന ആരോപണവും വലിയതോതിൽ പ്രതിഷേധത്തിന് കാരണമായി. ഒഴിവ് വന്ന സമയത്ത് ലഭിച്ച ബയോഡേറ്റയുടെ അടിസ്ഥാനത്തിൽ യോഗ്യത പരിഗണിച്ചാണ് നിയമനം നൽകിയതെന്നായിരുന്നു സീ-മാറ്റിന്റെ ഔദ്യോഗിക വിശദീകരണം.
സർക്കാർ നിയമനങ്ങളിൽ രാഷ്ട്രീയ ബന്ധങ്ങൾക്കോ രക്തബന്ധങ്ങൾക്കോ യാതൊരു മുൻഗണനയും ലഭിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ബി.ആർ.എം. ഷെഫീറിന്റെ കുടുംബത്തിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള നിയമനം പുറത്തുവന്നത് ഭരണപക്ഷത്തിനും കോൺഗ്രസ് നേതൃത്വത്തിനും വലിയ തിരിച്ചടിയായി മാറിയിരുന്നു. നിയമനത്തിനെതിരെ വ്യാപക പ്രതിഷേധമുയർത്തിയ ഡിവൈഎഫ്ഐ, സീ-മാറ്റ് ഡയറക്ടറെ ഉപരോധിക്കുകയും ചെയ്തിരുന്നു. നിയമനം പൂർണ്ണമായും റദ്ദാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന മുന്നറിയിപ്പും ഡിവൈഎഫ്ഐ നേതൃത്വം നൽകിയിരുന്നു. ഇതിന് പിന്നാലെയുണ്ടായ രാജി രാഷ്ട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
