മാസപ്പടി കേസ്: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹർജിയിൽ സുപ്രീംകോടതി ഇന്ന് നിർണായക വിധി ഉണ്ടായേക്കാം
ന്യൂഡൽഹി: സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ഇന്ന് നിർണായക ദിനം. ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ, മകൾ ടി. വീണ, മുഹമ്മദ് റിയാസ് തുടങ്ങിയവർ നൽകിയ അപ്പീൽ ഹർജികൾ സുപ്രീംകോടതിയുടെ പ്രത്യേക അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്.
ഇഡി കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം. കേസിന്റെ അടിയന്തര സ്വഭാവവും അറസ്റ്റ് സാധ്യതയും കണക്കിലെടുത്താണ് ദസറ അവധിക്കാലത്തും വാദം കേൾക്കുന്നതിനായി സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചത്.
ആദായനികുതി ഇടക്കാല സെറ്റിൽമെൻ്റ് ബോർഡിൻ്റെ നിരീക്ഷണങ്ങൾ അഴിമതി നിരോധന നിയമപ്രകാരം ക്രിമിനൽ പ്രോസിക്യൂഷന് അടിസ്ഥാനമാകില്ലെന്നും കേസിൽ ക്വിഡ് പ്രോ ക്വോ (പരസ്പര ആനുകൂല്യം) സ്ഥാപിച്ചിട്ടില്ലെന്നുമാണ് ഹർജിയിലെ പ്രധാന വാദം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വെള്ളിഴാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാൻ സമൻസ് അയച്ചിട്ടുള്ള സാഹചര്യത്തിൽ, സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല സംരക്ഷണം ലഭിക്കുമോയെന്നത് പിണറായി വിജയനും കുടുംബത്തിനും ഏറെ നിർണായകമാണ്.
