ശബരിമല നെയ്യ് ക്രമക്കേട്: ട്രാൻസ്പോർട്ട് കരാറുകാരൻ ബിനു വിജിലൻസ് പിടിയിൽ; ദേവസ്വം ബോർഡിന് രണ്ടര കോടിയുടെ നഷ്ടം

 ശബരിമല നെയ്യ് ക്രമക്കേട്: ട്രാൻസ്പോർട്ട് കരാറുകാരൻ ബിനു വിജിലൻസ് പിടിയിൽ; ദേവസ്വം ബോർഡിന് രണ്ടര കോടിയുടെ നഷ്ടം

തിരുവനന്തപുരം:

ശബരിമല നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റുമായി വിജിലൻസ്. കേസിൽ ട്രാൻസ്പോർട്ട് കരാറുകാരനായ ബിനുവിനെ വിജിലൻസ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. സന്നിധാനത്തേക്ക് കൊണ്ടുപോയ ഗുണനിലവാരമുള്ള നെയ്യ് മറിച്ചു വിൽക്കുകയും, പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിക്കുകയും ചെയ്തതിനാണ് നടപടി. ഈ ഇടപാടിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ടര കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

ശബരിമലയിലേക്ക് പത്തനംതിട്ട ഡയറിയിൽ നിന്ന് കൊണ്ടുപോന്ന ഉയർന്ന ഗുണനിലവാരമുള്ള നെയ്യ് വഴിമധ്യേ തമിഴ്‌നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചുവിൽക്കുകയായിരുന്നു. ‘ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്’, ‘ലിയോ ട്രേഡേഴ്‌സ്’ എന്നീ ഏജൻസികൾക്കാണ് നെയ്യ് മറിച്ചുവിറ്റതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

മിൽമയിൽ നിന്ന് ഉയർന്ന വിലയ്ക്ക് നെയ്യ് വാങ്ങിയ ഇനത്തിൽ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരുന്നു. നെയ്യ് എത്തിക്കുന്നതിനായി കരാറുകാരൻ വളരെ കുറഞ്ഞ തുക ക്വോട്ട് ചെയ്തത് തന്നെ സംശയത്തിനിടയാക്കിയിരുന്നു. തുടർന്ന് പമ്പയിൽ നെയ്യ് എത്തിച്ചപ്പോൾ ആവശ്യമായ പരിശോധനകൾ നടത്താതെയാണ് സന്നിധാനത്തേക്ക് കയറ്റിവിട്ടതെന്നും വ്യക്തമായിട്ടുണ്ട്.

വിഷയത്തിൽ ഉയർന്ന ആരോപണങ്ങളെ തുടർന്ന് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് വിജിലൻസിന്റെ പ്രത്യേക സംഘം കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News