എരുമേലിയിൽ ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 1.8 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
BY: SHIBU THAMPI IDUKKI
എരുമേലി: വിൽപ്പനയ്ക്കായി ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 1 കിലോ 800 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ എരുമേലി പോലീസിന്റെ പിടിയിലായി. മുണ്ടക്കയം സ്വദേശികളായ അജിത് ബാബു (26, പുതുപറമ്പിൽ വീട്), ആസിം സിറാജ് (24, വേലനിലം ഒളിക്കൽ വീട്), കൃഷ്‌ജിത്ത് എസ്. (21, അനിക്കുന്ന് വേണാട്ട് വീട്) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി എരുമേലി – റാന്നി റോഡിൽ കരിമ്പിൻ തോട് ഭാഗത്തുവെച്ചാണ് സംഭവം. രാത്രികാല പെട്രോളിംഗിലുണ്ടായിരുന്ന പോലീസ് സംഘത്തെ കണ്ട് പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിർത്താതെ വേഗത്തിൽ ഓടിച്ചു പോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പോലീസിനെ വെട്ടിച്ച് കടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ചു നിൽക്കുകയാണുണ്ടായത്.
തുടർന്ന് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പ്രതികളെയും സബ് ഇൻസ്പെക്ടർ സച്ചിൻ സി. കരമേലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവ് ശേഖരം കണ്ടെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
