സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച കാർ മലപ്പുറത്ത് അപകടത്തിൽപ്പെട്ടു; എല്ലാവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ സഞ്ചരിച്ച കാർ മലപ്പുറം കോയിച്ചനയിൽ വെച്ച് അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ദേശീയപാത 66-ൽ വെച്ച് കാറിൻ്റെ ടയർ പൊട്ടിയാണ് വാഹനം അപകടത്തിൽപ്പെട്ടത്. തൃക്കരിപ്പൂരിൽ നിന്ന് ചെത്തല്ലൂരിലേക്ക് മടങ്ങവേയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന സന്ദീപ് വാര്യർ ഉൾപ്പെടെയുള്ളവർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
എംഎൽഎയുടെ കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ തൊട്ടുപുറകിൽ വരികയായിരുന്ന മറ്റ് രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലുണ്ടായിരുന്നവരും പരിക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി സുരക്ഷാ നടപടികൾ സ്വീകരിക്കുകയും പാതയിലെ ഗതാഗതം സുഗമമാക്കുകയും ചെയ്തു.
പരിക്കില്ലാതെ രക്ഷപ്പെട്ടെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. “ഇന്ന് പുലർച്ചെ മലപ്പുറം കോയിച്ചന വെച്ച് ഞാൻ സഞ്ചരിച്ച വാഹനം ടയർ പൊട്ടി ഒരു അപകടത്തിൽപ്പെടുകയുണ്ടായി. എനിക്കോ കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർക്കോ യാതൊരു പരിക്കുമില്ലാതെ സുരക്ഷിതരായി രക്ഷപ്പെടാൻ കഴിഞ്ഞു. അതോടൊപ്പം തന്നെ, ഞങ്ങളുടെ വാഹനത്തിന് പിന്നിലായി വന്ന് കൂട്ടിയിടിച്ച മറ്റ് രണ്ട് കാറുകളിലെ കുടുംബങ്ങൾക്കും യാതൊരു പരിക്കുമേറ്റിട്ടില്ല എന്നത് വലിയ ആശ്വാസമാണ് നൽകുന്നത്,” അദ്ദേഹം കുറിച്ചു.
അപകടവിവരം അറിഞ്ഞ് ഫോണിലൂടെയും അല്ലാതെയും വിവരങ്ങൾ അന്വേഷിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവരും പൂർണ്ണ ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
