കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ അത്ഭുത രോഗമുക്തി; ബട്ടൺ ബാറ്ററി വിഴുങ്ങിയ രണ്ട് വയസ്സുകാരിക്ക് പുനർജൻമം

 കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ അത്ഭുത രോഗമുക്തി; ബട്ടൺ ബാറ്ററി വിഴുങ്ങിയ രണ്ട് വയസ്സുകാരിക്ക് പുനർജൻമം

BY : HABEEB IDAPALLY

കളിപ്പാട്ടങ്ങളിലും ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്ന കുഞ്ഞൻ ബട്ടൺ ബാറ്ററി വിഴുങ്ങി ഗുരുതരാവസ്ഥയിലായ രണ്ട് വയസ്സുകാരിക്ക് പുതുജീവൻ. കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ വിദഗ്‌ധ ചികിത്സയിലൂടെയാണ് കുട്ടി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയത്. ഒഡിഷ സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകൾ പ്രിയാൻഷിയാണ് അത്യാസന്ന നിലയിൽ നിന്ന് അത്ഭുതകരമായി രോഗമുക്തി നേടിയത്. പെരുമ്പാവൂർ ഒടക്കാലിയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. വീട്ടിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പ്രിയാൻഷി അബദ്ധത്തിൽ ബട്ടൺ ബാറ്ററി വിഴുങ്ങുകയായിരുന്നു.

ഉടൻ തന്നെ ബന്ധുക്കൾ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ബാറ്ററി പുറത്തെടുത്തെങ്കിലും, അതിൽ അടങ്ങിയിരുന്ന രാസവസ്‌തുക്കൾ കുട്ടിയുടെ അന്നനാളത്തിലും ശ്വാസനാളത്തിലും ഗുരുതരമായ പൊള്ളലുകൾ ഏൽപ്പിച്ചിരുന്നു. ദിവസങ്ങൾക്കകം ഈ ഭാഗങ്ങളിൽ ദ്വാരങ്ങൾ രൂപപ്പെടുകയും, കുട്ടി വെള്ളം കുടിച്ചാൽ പോലും അത് നേരെ ശ്വാസകോശത്തിലേക്ക് ഇറങ്ങിപ്പോകുന്ന ഗുരുതരമായ അവസ്ഥ സംജാതമാവുകയും ചെയ്‌തു. ഇത് കുട്ടിയുടെ ജീവന് തന്നെ വലിയ ഭീഷണിയായി മാറി. തുടർന്ന് ചികിത്സ തേടിയെങ്കിലും കുട്ടിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു. ഇതേ തുടർന്ന് വിദഗ്‌ദ്ധ ചികിത്സയ്ക്കായി ആസ്റ്റർ മെഡ്‌സിറ്റിയിലെത്തിക്കുകയായിരുന്നു.

കുട്ടിയെ പരിശോധിച്ച ഡോക്‌ടർമാർ അടിയന്തര ശസ്ത്രക്രിയ അനിവാര്യമാണെന്ന് കണ്ടെത്തുകയും ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്‍റ് ഡോ. ഷോൺ ടി. ജോസഫിന്‍റെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സംഘം അതിസങ്കീർണ്ണമായ സർജറിക്ക് നേതൃത്വം നൽകുകയും ചെയ്‌തു. കുട്ടിയുടെ അന്നനാളത്തിലെയും ശ്വാസനാളത്തിലെയും വലിയ ദ്വാരം അടയ്ക്കുക എന്നത് വളരെ ദുഷ്‌കരമായ ഒരു ദൗത്യമായിരുന്നുവെന്ന് ഡോ. ഷോൺ ടി. ജോസഫ് പറഞ്ഞു. കഴുത്തിനും നെഞ്ചിനും ഇടയിലുള്ള, ഹൃദയത്തിലേക്കുള്ള പ്രധാന രക്തക്കുഴലുകളും ശ്വസനത്തെ സഹായിക്കുന്ന നിർണായക ഞരമ്പുകളും സ്ഥിതി ചെയ്യുന്ന അതിലോലമായ ഭാഗത്തായിരുന്നു മുറിവുകൾ ഉണ്ടായിരുന്നത്. ശ്വസനത്തെയും സംസാരശേഷിയെയും നിയന്ത്രിക്കുന്ന ഞരമ്പുകൾക്ക് യാതൊരുവിധ പരിക്കും പറ്റാത്ത രീതിയിൽ, കുട്ടിയുടെ ശ്വാസനാളത്തെയും അന്നനാളത്തെയും അതിസൂക്ഷ്‌മമായി വേർപെടുത്തിയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയെതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡോ. ഷോൺ ടി. ജോസഫിനൊപ്പം കാർഡിയോ വാസ്‌കുലാർ തൊറാപിക് സർജറി സീനിയർ കൺസൾട്ടന്‍റ് ഡോ. മനോജ് പി. നായർ, ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി അസോസിയേറ്റ് കൺസൾട്ടന്‍റുമാരായ ഡോ. സൗരഭ് പത്മനാഭൻ, ഡോ. സാറാ മേരി തമ്പി, ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജി അസോസിയേറ്റ് കൺസൾട്ടന്‍റ് ഡോ. അഭിജിത്ത് ജോർജ്, ലാറിംഗോളജി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്‍റ് ഡോ. കാരുണ്യ ആർ. ഗോപാൽ, അനസ്‌തേഷ്യോളജി ആൻഡ് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്‍റ് ഡോ. കവിത സദൻ, വോയിസ് ആൻഡ് സ്വാലോയിംഗ് പാത്തോളജിസ്റ്റ് ഹീര തോമസ്, സ്റ്റാഫ് നഴ്‌സ് ഹൃദ്യ എന്നിവരടങ്ങിയ വലിയൊരു മെഡിക്കൽ സംഘമാണ് ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്.

ശസ്ത്രക്രിയക്ക് ശേഷവും ആഴ്‌ചകളോളം കുട്ടി തീവ്രപരിചരണ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. ഈ ദിവസങ്ങളിൽ ട്യൂബിലൂടെയാണ് കുട്ടിക്ക് ഭക്ഷണം നൽകിയിരുന്നത്. ഇതിനിടയിൽ കടുത്ത പനിയും കടുത്ത ശ്വാസതടസ്സവും ഉൾപ്പെടെയുള്ള ഗുരുതരമായ വെല്ലുവിളികളും കുട്ടിയെ തേടിയെത്തി. എന്നാൽ ഡോക്‌ടർമാരുടെയും നഴ്‌സിങ് ജീവനക്കാരുടെയും കൃത്യമായ ഇടപെടലുകളും അശ്രാന്ത പരിശ്രമവും കൊണ്ട് ഈ പ്രതിസന്ധികളെല്ലാം തരണം ചെയ്യാൻ സാധിച്ചു.

നിലവിൽ പ്രിയാൻഷി പൂർണ്ണ ആരോഗ്യവതിയാണ്. സാധാരണ പോലെ ഭക്ഷണം കഴിക്കാനും സംസാരിക്കാനും കുട്ടിക്ക് സാധിക്കുന്നുണ്ട്. തുടർന്ന് നടത്തിയ എല്ലാ വൈദ്യപരിശോധനകളിലും കുട്ടി പൂർണ്ണ രോഗമുക്തി നേടിയതായി വ്യക്തമായി. ദിവസങ്ങളോളം കണ്ണീരോടെയും കടുത്ത ആശങ്കയോടെയും ആശുപത്രി വരാന്തകളിൽ കഴിഞ്ഞുകൂടിയ മാതാപിതാക്കള്‍ക്ക് കുട്ടിയുടെ കുഞ്ഞു പുഞ്ചിരി വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്. ചെറിയ കുട്ടികളുടെ കൈകളിൽ അപകടകരമായ വസ്‌തുക്കൾ എത്താതിരിക്കാൻ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്ന ശക്തമായ മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവം നൽകുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News