ചേരാനല്ലൂർ വാഹനാപകടം: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകി; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

 ചേരാനല്ലൂർ വാഹനാപകടം: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകി; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

BY: AJITH KARUVAPALLY

കൊച്ചി: ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട കേസിൽ കടുത്ത നടപടികളുമായി പൊലീസ്. കേസിൽ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് എറണാകുളം സെഷൻസ് കോടതിയിൽ പൊലീസ് അപേക്ഷ നൽകി. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

വാഹനത്തിന്റെ ആർ.സി ഉടമയും പതിനേഴുകാരന്റെ പിതാവുമായ അഡീഷണൽ ജില്ലാ ജഡ്ജിയെ കേസിൽ പ്രതിചേർത്തു. ആലുവ കമ്പനിപ്പടിയിലുള്ള ഫ്ലാറ്റിലെത്തി പൊലീസ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. തന്റെ അറിവോടെയല്ല മകൻ വാഹനം ഓടിച്ചതെന്നാണ് ജഡ്ജിയുടെ മൊഴി. ജഡ്ജിയെ പ്രതിചേർത്ത വിവരം പൊലീസ് ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കും.

അതേസമയം, പ്രായപൂർത്തിയാകാത്ത പ്രതിക്ക് 25 വയസ്സ് വരെ ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് വിലക്കാനും, അപകടമുണ്ടാക്കിയ കാറിന്റെ ആർ.സി സസ്പെൻഡ് ചെയ്യാനും മോട്ടോർ വാഹനവകുപ്പ് നടപടികൾ തുടങ്ങി. മുൻപ് വാഹനം ഓടിച്ചതിന്റെ തെളിവുകൾ നശിപ്പിക്കുന്നതിനായി പതിനേഴുകാരൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതായും വിവരമുണ്ട്.

പ്രാഥമിക ഘട്ടത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയതിലും എഫ്.ഐ.ആർ ഇടുന്നതിലും വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ കടുത്ത നടപടിയുണ്ടാകും. അന്വേഷണ പുരോഗതി വിലയിരുത്താൻ എ.ഡി.ജി.പി പി. വിജയൻ കൊച്ചിയിലെത്തും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും ജാമ്യം റദ്ദാക്കാൻ അടിയന്തര നടപടി സ്വീകരിക്കാനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വൈകീട്ടോടെ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ തീരുമാനം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News