കുണ്ടറയിൽ ഭർത്താവിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ

 കുണ്ടറയിൽ ഭർത്താവിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ

BY : SHIBU THAMPI

കുണ്ടറ: വെള്ളിമണിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിമൺ വ്ലാവേത്ത് രാജു മന്ദിരത്തിൽ രാജു (56) കൊല്ലപ്പെട്ട കേസിൽ ഭാര്യ ലേഖാ മേരിയെയാണ് (48) കുണ്ടറ പോലീസ് പിടികൂടിയത്.

വെള്ളിയാഴ്ച പുലർച്ചെ 5.30-ഓടെ രാജു വീട്ടിൽ കുഴഞ്ഞുവീണെന്ന് പറഞ്ഞ് ലേഖാ മേരി നാട്ടുകാരുടെ സഹായത്തോടെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ അസ്വാഭാവികത തോന്നിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കിടെ കഴുത്തിൽ സംശയാസ്പദമായ പാടുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

കഴുത്തിൽ ശക്തമായി അമർന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ ലേഖാ മേരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ബെൽറ്റ് ഉപയോഗിച്ച് കഴുത്തുമുറുക്കിയാണ് കൊലപാതകം നടത്തിയതെന്ന് ഇവർ സമ്മതിച്ചു.

രാജു സ്ഥിരമായി മദ്യപിച്ച് മർദിച്ചിരുന്നതായും അടുത്തിടെ ലഭിച്ച പൂർവിക സ്വത്ത് തന്റെ പേരിലേക്ക് എഴുതി നൽകാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ട് ചെയ്യുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹം സംസ്കരിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News