ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള രണ്ടാം ദിന ദൗത്യം പുനരാരംഭിച്ചു
BY: SHIBU K THAMPI IDUKKI
ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ജനവാസ കേന്ദ്രങ്ങൾക്ക് ഭീഷണിയായി തുടരുന്ന ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള രണ്ടാം ദിവസത്തെ ദൗത്യം വ്യാഴാഴ്ച രാവിലെ പുനരാരംഭിച്ചു. ബുധനാഴ്ച ആനയെ മയക്കുവെടി വെക്കുന്നതിനുള്ള നടപടികൾ സജ്ജമാക്കിയിരുന്നെങ്കിലും ദൗത്യം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.
വ്യാഴാഴ്ച രാവിലെ സിങ്കുകണ്ടം ചെമ്പകത്തൊഴുകുടി ഭാഗത്താണ് ചക്കക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. ആനയിറങ്കൽ ഡാമിന്റെ ജലാശയത്തിലേക്ക് ആന ഇറങ്ങുന്നത് തടഞ്ഞ് ഇടിക്കുഴി ഭാഗത്തേക്കോ 301 കോളനി മേഖലയിലേക്കോ എത്തിക്കാനാണ് വനംവകുപ്പ് സംഘം ശ്രമിക്കുന്നത്. ബുധനാഴ്ച ആദ്യ തവണ മയക്കുവെടി വെച്ച ഓമനക്കുടി ഭാഗത്തേക്ക് ആനയെ എത്തിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്.
വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെടുന്ന രണ്ട് പ്രത്യേക സംഘങ്ങളാണ് മയക്കുവെടി വെക്കുന്നതിനായി ആനയ്ക്ക് സമീപമുള്ളത്. മേഖലയിൽ തെളിഞ്ഞ കാലാവസ്ഥയായതിനാൽ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. മയക്കുവെടി വെച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കുന്നതിനായി ദൗത്യസംഘത്തിലെ മറ്റ് ടീമുകളും കുങ്കിയാനകളും സജ്ജരായി രംഗത്തുണ്ട്.
മയക്കുവെടി വെച്ച് തളച്ച ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് ചക്കക്കൊമ്പന്റെ സഞ്ചാരപഥം കൃത്യമായി നിരീക്ഷിക്കുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം. ഇതിലൂടെ ആന ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് മുൻകൂട്ടി അറിയാനും തടയാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
t
