മദ്യശേഖരം പിടികൂടിയ കേസ്: ആന്റോ അഗസ്റ്റിന് ജാമ്യമില്ല; സുൽത്താൻ ബത്തേരി കോടതി ഹർജി തള്ളി
BY: TNN WEB TEAM
വയനാട്:
വീടിനുള്ളിൽ നിന്ന് അനധികൃതമായി വൻ മദ്യശേഖരം പിടികൂടിയ അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിന് കോടതി ജാമ്യം നിഷേധിച്ചു. സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ മാനന്തവാടി സബ് ജയിലിൽ 14 ദിവസത്തെ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ എക്സൈസ് അന്വേഷണ സംഘം ഉടൻ കോടതിയെ സമീപിക്കും.
കേസിൽ കഴിഞ്ഞ ദിവസം കോടതിയിൽ വീഡിയോകോൺഫറൻസ് വഴിയാണ് ആന്റോ അഗസ്റ്റിനെ ഹാജരാക്കിയത്. ഒരു മണിക്കൂറിലേറെ നീണ്ട വിശദമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. മദ്യം കണ്ടെടുത്ത വാഴവറ്റ മൂങ്ങനാനിയിലുള്ള വീട് തന്റെ പേരിലുള്ളതല്ലെന്നും അതിനാൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. ജപ്തി നടപടികൾ നേരിട്ട ഈ വീട് പിന്നീട് മറ്റൊരു സ്ത്രീയുടെ ഉടമസ്ഥാവകാശത്തിലേക്ക് മാറിയതാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
എന്നാൽ, 2025-ൽ പഞ്ചായത്തിൽ നികുതിയടച്ചതിന്റെ രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കിയതോടെ വീട് ആന്റോ അഗസ്റ്റിന്റേത് തന്നെയാണെന്ന് വ്യക്തമാവുകയും പ്രതിഭാഗത്തിന്റെ വാദങ്ങൾ പൊളിയുകയുമായിരുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് വീടിനുള്ളിൽ ആദ്യം മദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 12.75 ലിറ്റർ വിദേശമദ്യം പിടിച്ചെടുക്കുകയായിരുന്നു.
