അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരിയായ വീട്ടമ്മ കൊല്ലപ്പെട്ടു

അട്ടപ്പാടി:
അട്ടപ്പാടിയിൽ വിനോദസഞ്ചാരത്തിനെത്തിയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശി ഹംസയുടെ ഭാര്യ ബുഷറ (52) ആണ് കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങൾ ഉൾപ്പെടെ നാൽപ്പതോളം വരുന്ന സംഘത്തോടൊപ്പമാണ് ബുഷറ അട്ടപ്പാടിയിലെത്തിയത്.
തേക്കുവട്ട ഭാഗത്ത് പുഴയുടെ പരിസരത്ത് നിൽക്കുമ്പോഴായിരുന്നു സംഭവം. കാട്ടാന വരുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന വനപാലകർ മുന്നറിയിപ്പ് നൽകുകയും ആളുകളോട് അവിടെനിന്ന് മാറാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ മുന്നറിയിപ്പ് അവഗണിച്ച് സംഘം പുഴയിൽ തന്നെ തുടരുകയായിരുന്നു. ഇതിനിടെ പാഞ്ഞടുത്ത കാട്ടാന ബുഷറയെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ബുഷറയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നതിനാൽ വനം വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു ഈ മേഖല.
