അസാധാരണ നടപടി: ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ നാളെ വിയ്യൂർ സെൻട്രൽ ജയിലിൽ നടത്താൻ ഹൈക്കോടതി ഉത്തരവ്

 അസാധാരണ നടപടി: ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ നാളെ വിയ്യൂർ സെൻട്രൽ ജയിലിൽ നടത്താൻ ഹൈക്കോടതി ഉത്തരവ്

എറണാകുളം:

തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ നാളെ വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. നാളെ രാവിലെ 11 മണിക്ക് ജയിൽ സൂപ്രണ്ടിന്റെ മുറിയിലാണ് ചടങ്ങുകൾ നടക്കുക. കാപ്പ (KAAPA) ചുമത്തി കരുതൽ തടങ്കലിൽ കഴിയുന്ന സുഗതന് താത്കാലികമായി പുറത്തിറങ്ങാൻ വിട്ടയയ്ക്കൽ അനുവദിക്കാനാകില്ലെന്ന സർക്കാർ നിലപാട് പരിഗണിച്ചാണ് കോടതിയുടെ ഈ അസാധാരണ നടപടി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ജയിലിനുള്ളിൽ നടക്കുന്നത്.

ഇതുസംബന്ധിച്ച അന്തിമ ഉത്തരവ് ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പുറപ്പെടുവിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറി നേരിട്ട് വിയ്യൂർ ജയിലിലെത്തും. ചടങ്ങിന് ആവശ്യമായ ഉദ്യോഗസ്ഥരെ മാത്രമേ ജയിലിനുള്ളിൽ പ്രവേശിപ്പിക്കാവൂ എന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

അസാധാരണ സാഹചര്യമെന്ന് ഹൈക്കോടതി

കേസിൽ വാദം കേൾക്കുന്നതിനിടെ സർക്കാരിനെതിരെ കോടതി നിർണായക ചോദ്യങ്ങൾ ഉന്നയിച്ചു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് വിധി അംഗീകരിച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകുകയല്ലേ വേണ്ടതെന്നും, തെരഞ്ഞെടുപ്പിന് മുൻപുള്ള കേസുകളുടെ പേരിലല്ലേ സുഗതനെതിരെ കാപ്പ ചുമത്തിയതെന്നും കോടതി ആരാഞ്ഞു. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ കോർപറേഷനിൽ ഭരണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടോ എന്നും കോടതി ചോദിച്ചു.

നിലവിലുള്ളത് തികച്ചും അസാധാരണ സാഹചര്യമാണെന്ന് വ്യക്തമാക്കിയാണ് ജയിലിൽ ചടങ്ങ് നടത്താൻ കോടതി സൗകര്യമൊരുക്കിയത്. സത്യപ്രതിജ്ഞാ ചടങ്ങ് സുതാര്യമായി എല്ലാവരും കാണട്ടെയെന്നും, ഇതിനായി അംഗീകൃത മാധ്യമപ്രവർത്തകരെ ജയിലിനുള്ളിൽ പ്രവേശിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, സുഗതന്റെ സത്യപ്രതിജ്ഞ നേരത്തെ റദ്ദാക്കിയ ഉത്തരവിന്റെ പേരിൽ ഓൺലൈൻ ചാനലുകൾ വഴി മതപരമായ വേർതിരിവ് ഉണ്ടാക്കാൻ ചിലർ ശ്രമിച്ചതിനെ കോടതി ശക്തമായി വിമർശിച്ചു. ഇത്തരം പ്രചാരണങ്ങൾ അപകടകരമായ പ്രവണതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ താത്പര്യമെന്ന് സുഗതൻ; വിട്ടയയ്ക്കില്ലെന്ന് സർക്കാർ

കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ വച്ചിരിക്കുന്ന പ്രതിയെ ഒരു കാരണവശാലും താത്കാലികമായിപ്പോലും പുറത്തുവിടാൻ കഴിയില്ലെന്ന ഉറച്ച നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. ഇതോടെയാണ് വിയ്യൂർ സെൻട്രൽ ജയിലിൽ തന്നെ വേദി ഒരുക്കാൻ കോടതി നിർദേശിച്ചത്. തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം വാർഡിൽ നിന്നുള്ള കൗൺസിലറായ സുഗതൻ, തന്നെ രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ സർക്കാർ മനഃപൂർവം തടയുകയാണെന്ന് ആരോപിച്ച് ജയിൽ മോചനം തേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കാപ്പ ചുമത്തുന്നതിന് ആധാരമായ രണ്ട് കേസുകളിൽ സുഗതന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞയാഴ്ച ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കാപ്പ തടങ്കലിൽ നിന്ന് ജയിൽ മോചിതനായാൽ മാത്രമേ ഈ ഇടക്കാല ജാമ്യം ബാധകമാകൂ എന്ന് വ്യക്തമാക്കപ്പെട്ടിരുന്നു. കഴിഞ്ഞ ജൂൺ ഒൻപത് മുതലാണ് സുഗതനെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News